‘കുടി’യിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് തലശേരി പോലീസ്
Wednesday, August 6, 2025 1:38 AM IST
കണ്ണൂർ: കോടതിയിൽനിന്നു ജയിലിലേക്കുള്ള യാത്രയ്ക്കിടെ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയും സംഘവും പൊതുസ്ഥലത്ത് മദ്യപിച്ചെന്നു പറയുന്ന സംഭവത്തിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് തലശേരി പോലീസ്. സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. കൊടി സുനിയും സംഘവും കഴിച്ചതു മദ്യമാണെന്നതിനു തെളിവുകളില്ല.
പോലീസ് പരിശോധനയിൽ പൊതുസ്ഥലത്ത് മദ്യപാനം കണ്ടെത്തിയാൽ സ്വമേധയാ കേസെടുക്കാം. അതിനു സാഹചര്യ തെളിവുകൾ, മദ്യത്തിന്റെ ഗന്ധം, ഗ്ലാസ്, കുപ്പി എന്നിവയെല്ലാം തെളിവുകളാണ്. എന്നാൽ, കൊടി സുനിയും സംഘവും മദ്യപിച്ചെന്ന പറയുന്ന സംഭവത്തിൽ ഇത്തരം സാഹചര്യങ്ങൾ ഒന്നുമില്ലെന്നും പരാതി ലഭിച്ചാൽ അന്വേഷിക്കാമെന്നുമാണ് പോലീസ് പറയുന്നത്.
അതിനിടെ, അതീവ രഹസ്യമായി നടത്തിയ മദ്യപാന പാർട്ടിയുടെ വിവരങ്ങൾ ചോർത്തിനൽകിയത് കൊടിസുനിയുടെ എതിർ ചേരിയിലുള്ള സംഘമാണെന്നാണു റിപ്പോർട്ട്. കൊടി സുനിവിരുദ്ധസംഘം വിവരം നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതായാണു വിവരം.
ആഭ്യന്തര വകുപ്പ് സംഭവം അതീവ ഗൗരവത്തിലെടുക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു. ലോക്കൽ പോലീസിനെ അറിയിക്കാതെ പ്രത്യേക അന്വേഷണ സംഘം തലശേരിയിലെത്തി അന്വേഷണം നടത്തുകയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തു.
മുഴുവൻ തെളിവുകളും കണ്ടെത്തിയതിനെത്തുടർന്നാണ് പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോയ പോലീസുകാർക്കെതിരേ നടപടിയുണ്ടായത്. അതുവരെയുള്ള നീക്കങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കാനും നിർദേശമുണ്ടായിരുന്നു. മാത്രവുമല്ല, പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ മാധ്യമപ്രവർത്തകർക്കു ചോർത്തി നൽകിയതിനു പിന്നിലും കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്നാണു വിലയിരുത്തൽ. ഇത്തരം സംഘങ്ങളെ ഇനി വച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പാണ് ആഭ്യന്തര വകുപ്പ് ഈ നീക്കങ്ങളിലൂടെ നൽകിയത്.
അതേസമയം, തങ്ങളെ ഒറ്റുകൊടുത്തത് എതിർ ചേരിക്കാരാണെന്ന വിവരം കൊടിയുടെ സംഘത്തിനു ലഭിച്ചതോടെ ഇരു ഗ്രൂപ്പുകളും തമ്മിലുള്ള പോര് രൂക്ഷമായി. കൊടി സുനിക്കു ശക്തമായ വെല്ലുവിളി ഉയർത്തുന്ന മറ്റൊരു സംഘം ജില്ലയിൽ സജീവമാണ്.
ഹവാല പണം തട്ടിയെടുക്കൽ, സ്വർണം പൊട്ടിക്കൽ, ക്വട്ടേഷൻ, ചൂതാട്ട കേന്ദ്രങ്ങൾക്കു സംരക്ഷണം, മധ്യസ്ഥം തുടങ്ങിയവയിലാണ് ഈ സംഘം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും കുറഞ്ഞതോടെയാണ് സംഘം പുതിയ മേഖലയിൽ സജീവമായതെന്നാണു വിവരം.
മദ്യപാന വിഷയം പുറത്തുവന്നതോടെയാണ് പരോളിലുള്ള കൊടി സുനി എവിടെയാണെന്ന് ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് കൊടി സുനി പരോൾ വ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തിയതും തുടർന്ന് വയനാട് മീനങ്ങാടി സ്റ്റേഷൻ പരിധിയിൽ വച്ച് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് മാറ്റിയതും.
വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ നടപടി: ഡിജിപി
കണ്ണൂര്‍: ടി.പി. വധക്കേസിലെ പ്രതികളുടെ തലശേരി കോടതി പരിസരത്തെ മദ്യപാനത്തില്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. കണ്ണൂര്‍ പയ്യാന്പലം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയില്‍നിയമം ലംഘിച്ച കൊടി സുനിക്കെതിരേ നടപടിയെടുക്കും. പോലീസിന്റെ ഭാഗത്തുനിന്നു വീഴ്ചകള്‍ ഉണ്ടോയെന്നു പരിശോധിക്കും. വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാൽ ബന്ധപ്പെട്ട എല്ലാവർക്കുമെതിരേയും നടപടിയുണ്ടാകും.
കെഎസ്യു പരാതി നൽകി
കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി പരസ്യ മദ്യപാനം നടത്തിയ സംഭവത്തിൽ കേസെടുക്കണമെന്ന് കെഎസ്യു. ഇതു സംബന്ധിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നൽകി. നിയമം ലംഘിച്ചവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.