ഒരു വീട്ടിലെ അംഗങ്ങൾ, വോട്ട് പല വാർഡിൽ!
Wednesday, August 6, 2025 1:38 AM IST
തിരുവനന്തപുരം: തദ്ദേശ സ്ഥാപന വോട്ടർ പട്ടികയിൽ പേരു ചേർക്കാനും തിരുത്താനുമുള്ള കാലാവധി നാളെ അവസാനിക്കാനിരിക്കേ വോട്ടർപട്ടികയിലെ കൂടുതൽ ഗുരുതര പിഴവുകൾ പുറത്ത്. തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരുടെ ഗുരുതരവീഴ്ചയെ തുടർന്ന് അന്തിമ വോട്ടർപട്ടികയിൽ ഒരു വീട്ടിലെ അംഗങ്ങളിൽ പലരുടെയും വോട്ടുകൾ പല വാർഡുകളിലായി വിഭജിച്ച സംഭവങ്ങളുമുണ്ടായി.
തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനായി അതിർത്തി പുനർനിർണയം നടത്തിയപ്പോഴാണ് ഒരു വീട്ടിലെ അംഗങ്ങൾതന്നെ പല വാർഡുകളിലായി ചിതറിയത്. വാർഡുകളുടെ പുനർനിർണയം തന്നെ പലയിടങ്ങളിലും റോഡുകൾ അതിർത്തിയായി നിശ്ചയിച്ചു നടത്തിയെന്ന ആക്ഷേപവുമുണ്ട്.
ചില വീടുകൾ അതിർത്തിയായി നിശ്ചയിച്ചു നടത്തിയ മണ്ഡല പുനർനിർണയം പൂർത്തിയായപ്പോഴുള്ള പിശകുകളുടെ ഭാഗമായാണ് ഒരു വീട്ടിലെതന്നെ വോട്ടർമാരെ പല വീടുകളിലായി മാറ്റിയത്. ചില വാർഡുകളിലെ എതിർ വിഭാഗത്തിൽപ്പെട്ട വോട്ടർമാരെ ഒഴിവാക്കി ജയം ഉറപ്പാക്കാൻ ചില രാഷ്ട്രീയ പാർട്ടികൾ ബോധപൂർവം നടത്തിയ നീക്കങ്ങളുടെ ഭാഗം കൂടിയാണ് ഇത്തരം അശാസ്ത്രീയ വെട്ടിമാറ്റൽ എന്ന ആക്ഷേപവും വ്യാപകമാണ്.
സാധാരണയായി വോട്ടർമാർക്കു പ്രയാസം കൂടാതെ വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം ഒരുക്കുകയാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ ചുമതല. വോട്ടർമാരെ ദൂരയുള്ള മറ്റു വാർഡുകളിലെ പോളിംഗ് കേന്ദ്രങ്ങളിലേക്കു മാറ്റുമ്പോൾ വോട്ട് രേഖപ്പെടുത്താൻ എത്താത്ത സാഹചര്യവുമുണ്ടാകാം.
ഇത്തരം അശാസ്ത്രീയ പിഴവുകൾ തിരുത്താൻ കൂടുതൽ സമയം വേണ്ടിവരും. ഇതിനാൽ വോട്ട് ചേർക്കാനും തിരുത്താനുമുള്ള സമയപരിധി ദീർഘിപ്പിക്കണമെന്നാണ് പൊതുവേ ഉയർന്ന അഭിപ്രായം.
സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനു കത്തു നൽകിയിട്ടുണ്ട്. വോട്ടർപട്ടികയിൽ പേരു ചേർക്കാനും തെറ്റുകൾ തിരുത്താനുമുള്ള സമയപരിധി ഇനിയും നീട്ടും.
എന്നാൽ, വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള സമയപരിധി അവസാനിക്കുന്ന ഏഴിനു മാത്രമേ വീണ്ടും നീട്ടി നൽകുന്ന കാര്യത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് തീരുമാനമെടുക്കാൻ കഴിയുകയുള്ളൂവെന്നാണ് അധികൃതർ പറയുന്നത്.