മെസി വരില്ലെന്ന് തീര്ത്തുപറയാറായില്ല: ആന്റോ അഗസ്റ്റിന്
Wednesday, August 6, 2025 1:39 AM IST
കൊച്ചി: മെസി അടക്കമുള്ള അര്‍ജന്റൈന്‍ ടീം കേരളത്തിലേക്കു വരില്ലെന്ന് തീര്‍ത്തു പറയാറായിട്ടില്ലെന്നു സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്.
കേരളത്തിലേക്കു ടീം വരില്ലെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനോ ഫിഫയോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അടുത്ത വര്‍ഷം സെപ്റ്റംബറില്‍ വരുന്നതിന് എഎഫ്എ താത്പര്യം അറിയിച്ചെങ്കിലും അതിനോടു താത്പര്യമില്ലെന്ന് മറുപടി നല്‍കിയിട്ടുണ്ട്.
ഈ വര്‍ഷത്തേക്കാണു കരാറുള്ളത്. 130 കോടി രൂപ എഎഫ്എയ്ക്കു കൈമാറിക്കഴിഞ്ഞു. ഒക്ടോബറിലോ നവംബറിലോ മത്സരത്തിനാണ് അവസരം ചോദിച്ചിരിക്കുന്നത്. അന്തിമ തീരുമാനത്തിനായി 15 ദിവസംകൂടി കാത്തിരിക്കും.
കരാര്‍ലംഘനമുണ്ടായാല്‍ നിയമനടപടി സ്വീകരിക്കേണ്ടിവരും. ഒക്ടോബര്‍, നവംബര്‍ വിന്‍ഡോയില്‍ മറ്റു ടീമുകളുമായി അര്‍ജന്റീന മത്സരം ഷെഡ്യൂള്‍ ചെയ്തിട്ടുമില്ല. വിലപേശലിന്റെ ഭാഗമായാകാം ഇതെന്നാണ് കരുതുന്നതെന്നും ആന്റോ പറഞ്ഞു.