അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയ സംഭവം; കുറ്റക്കാർക്കെതിരേ കർശന നടപടി
Wednesday, August 6, 2025 1:37 AM IST
മലപ്പുറം: പത്തനംതിട്ട നാറാണംമൂഴി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ അധ്യാപികയുടെ ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരേ കർശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തിൽ ഡിഇഒ ഓഫീസ് ജീവനക്കാരെ സസ്പെൻഡ് ചെയ്തതു സാധാരണ നടപടി മാത്രമാണ്. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വാസുകിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് ലഭിക്കും. ഇതിൽ കുറ്റം തെളിഞ്ഞാൽ സർവീസിൽനിന്നു പിരിച്ചുവിടുന്നതടക്കം ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ഹൈക്കോടതി ഉത്തരവും മന്ത്രിയുടെ നിർദേശ പ്രകാരമുള്ള പ്രിൻസിപ്പൽ സെക്രട്ടറിയുടെ രേഖാമൂലമുള്ള ഉത്തരവും ഉണ്ടായിട്ടും ഉദ്യോഗസ്ഥർ മുഖവിലയ് ക്കെടുത്തിട്ടില്ല. ഓരോ ഫയലും ഓരോ ജീവിതമാണെന്നത് ഉദ്യോഗസ്ഥർ ഓർക്കണം.
കൃത്യനിർവഹണത്തിൽ അലംഭാവം കാണിക്കുന്നവരെ സർവീസിൽനിന്നു പിരിച്ചുവിടാൻ വ്യവസ്ഥയുണ്ട്. ഇത്തരക്കാരെ ഒഴിവാക്കിയാലേ സിവിൽ സർവീസ് കാര്യക്ഷമമാകൂ. ഫയലുകളിൽ കൃത്യമായ നടപടി സ്വീകരിക്കാതെ പിടിച്ചുവച്ചാൽ ജോലി നഷ്ടപ്പെടുമെന്ന ബോധം ഉദ്യോഗസ്ഥർക്കുണ്ടാകും.
ഡിഇഒ, എഇഒ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങി വിദ്യാഭ്യാസ വകുപ്പിൽ ഭരണത്തിലിരിക്കുന്ന ഉദ്യോഗസ്ഥരെല്ലാം സ്ഥാനക്കയറ്റം വഴി വരുന്നവരാണ്. ഇവർക്കെല്ലാം ഭരണ കാര്യങ്ങളിൽ പരിചയക്കുറവുണ്ടാകും. ഇതാണ് ഓഫീസ് പ്രവർത്തനത്തെ ബാധിക്കുന്നത്. ഈ തസ്തികകളിൽ വരുന്നവർക്ക് ആറുമാസമെങ്കിലും ഭരണ പരിശീലനം നൽകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്കൂളിലെ ക്ലാസ് മുറികളിൽ ‘ബാക്ക് ബെഞ്ച്’ എന്ന സീറ്റിംഗ് രീതി ഒഴിവാക്കാൻ ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു. പകരം ‘യു ഷേപ്പ്’ സംവിധാനത്തിൽ ക്ലാസ് റൂമുകൾ ക്രമീകരിക്കാനാണ് ആലോചന.
ഇതുവഴി എല്ലാ കുട്ടികളിലേക്കും എത്താനും ശ്രദ്ധിക്കാൻ അധ്യാപകർക്ക് സാധിക്കും. പുതുതായി നിർമിച്ച പല സ്കൂൾ കെട്ടിടങ്ങളിലും ഈ സ്ഥിതിയിലായിട്ടുണ്ട്. വീതി, നീളം പ്രശ്നങ്ങൾ മൂലം പഴയ കെട്ടിടങ്ങളിൽ ഇത് പ്രായോഗികമല്ലെന്നും മന്ത്രി പറഞ്ഞു.
ചില കുട്ടികളോടു നമ്മൾ സ്ഥിരം പറയുന്നതാണ് നീ പിറകിൽ ഇരുന്നാൽ മതിയെന്ന്. പിറകിലിരിക്കാൻ വേണ്ടിയിട്ട് പത്തിരുപതു കുട്ടികളുണ്ടാകും. അധ്യാപകരുടെ ശ്രദ്ധ ഈ കുട്ടികളിൽ വേണ്ടവിധം പതിയില്ല. കുട്ടികൾ പലപ്പോഴും ക്ലാസ് ശ്രദ്ധിക്കുകയുമില്ല.
ഏറ്റവും മുന്നിലിരിക്കുന്നവർ മാത്രം പഠിച്ചാൽ മതിയെന്ന് പറയാൻ പറ്റില്ലല്ലോ. ബാക്ക് ബെഞ്ചേഴ്സ് സങ്കൽപം വിദ്യാർഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ഒരുകുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ടുപോകാൻ പാടില്ല. എല്ലാ കുട്ടികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം.
വിദ്യാഭ്യാസ മേഖലയിൽ കാലഘട്ടത്തിന് അനുസരിച്ചുള്ള പുതുമകളും നല്ല മാറ്റങ്ങളും കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്കൂൾ സമയ മാറ്റവും ഭക്ഷണ മെനുവിലുള്ള മാറ്റവുമെല്ലാം ഇതിന്റെ ഭാഗമാണ്. വിദ്യാലയങ്ങളിൽ മൊബൈൽ നിരോധിക്കുന്നതിൽ കൂട്ടായ ചർച്ച വേണമെന്നും മന്ത്രി പറഞ്ഞു.