ആത്മഹത്യയ്ക്കൊരുങ്ങിയ പെൺകുട്ടിയുടെ പരാതിയിൽ ഭർത്താവിനും സ്വന്തം പിതാവിനും എതിരേ കേസ്
Thursday, August 7, 2025 2:23 AM IST
കുമ്പള: കടുത്ത ഗാർഹികപീഡനം മൂലം ആത്മഹത്യക്കൊരുങ്ങിയ പെൺകുട്ടിയുടെ പരാതിയിൽ ഭർത്താവിനും സ്വന്തം പിതാവിനും എതിരേ കേസ്.
കാറഡുക്ക സ്വദേശിനിയായ ഇരുപതുകാരിയാണു ഭർത്താവിന്റെ വീട്ടിൽവച്ചും സ്വന്തം വീട്ടിൽവച്ചും കടുത്ത മർദനത്തിനിരയായത്. കൈക്കുഞ്ഞുമായി ആത്മഹത്യക്കൊരുങ്ങിയ പെൺകുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി പോലീസിന്റെ സഹായത്തോടെ വിദ്യാനഗറിലെ സഖി അഭയകേന്ദ്രത്തിലെത്തിക്കുകയായിരുന്നു.
പെൺകുട്ടിയുടെ പരാതിയിൽ ഭർത്താവ് കുമ്പള പെർവാഡ് കടപ്പുറത്തെ ഫിറോസ്, കുടുംബാംഗങ്ങളായ അബ്ദുൾ റഹ്മാൻ, നബീസ എന്നിവർക്കും യുവതിയുടെ പിതാവ് മുഹമ്മദിനുമെതിരെ രണ്ടു വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് പെൺകുട്ടിയെ മതാചാരപ്രകാരം ഫിറോസിനു വിവാഹം ചെയ്തുകൊടുത്തത്.
തൊട്ടുപിന്നാലെ പെൺകുട്ടി ഗർഭിണിയാവുകയും ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. തുടർന്ന് ഈ വർഷം മാർച്ച് മുതൽ ഫിറോസിന്റെ ഭാഗത്തുനിന്നു കടുത്ത പീഡനങ്ങളും മർദനവുമുണ്ടായതായാണ് പെൺകുട്ടി പറയുന്നത്.
പീഡനം സഹിക്കാനാകാതെ കഴിഞ്ഞ തിങ്കളാഴ്ച കൈക്കുഞ്ഞുമായി വീടുവിട്ടിറങ്ങി കാറഡുക്കയിലെ സ്വന്തം വീട്ടിലെത്തുകയായിരുന്നു. എന്നാൽ, അവിടെവച്ച് പിതാവ് മുഹമ്മദ് ക്രൂരമായി മർദിക്കുകയും ഭർത്താവിന്റെ വീട്ടിലേക്കു തിരിച്ചുപോകാൻ ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് വീണ്ടും കൈക്കുഞ്ഞുമായി കുമ്പളയിലേക്കു മടങ്ങിയ പെൺകുട്ടി ആത്മഹത്യ ചെയ്യാനൊരുങ്ങി ടൗണിലെത്തിയപ്പോഴാണു നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.