പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്കു തടഞ്ഞ് കോടതി
Thursday, August 7, 2025 2:24 AM IST
കൊച്ചി: ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടുന്ന ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമുണ്ടാക്കാൻ കേന്ദ്രസര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും ജസ്റ്റീസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
യാത്രക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കാതെ ടോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നത് ചോദ്യം ചെയ്തും ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തില്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടും തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, കോണ്‍ഗ്രസ് നേതാവ് ഷാജി കോടകണ്ടത്ത്, ഒ.ജെ.ജനീഷ് തുടങ്ങിയവര്‍ നല്കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ടോള്‍ പിരിവ് നിര്‍ത്തുന്നത് ഗതാഗതക്കുരുക്കിനു പരിഹാരമല്ലെന്ന് ഉത്തരവിൽ പറയുന്നു. പ്രയോജനമൊന്നും ലഭിക്കാതെ ടോള്‍ നല്കാന് മാത്രം ബാധ്യസ്ഥരാകുന്ന ജനങ്ങളുടെ താത്്പര്യം സംരക്ഷിക്കാതിരിക്കാന്‍ കോടതിക്ക് കഴിയില്ല.
ടോള്‍ നിര്‍ത്തുന്നത് കരാറുകാരന് നഷ്ടമുമുണ്ടാകുന്നുണ്ടെങ്കില് ദേശീയപാത അഥോറിറ്റിക്ക് ഉചിത നടപടി സ്വീകരിക്കാം. എന്നാല്‍, ദേശീയപാതയിലൂടെ സുഗമമായ ഗതാഗതം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് ദേശീയ പാത അഥോറിറ്റിയെ ഒഴിവാക്കാന്‍ സുപ്രീം കോടതിയുടെ സ്റ്റേ കാരണമാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.