പിഴവ് വിദ്യാഭ്യാസ വകുപ്പിന്; പ്രഥമാധ്യാപികയെ സസ്പെൻഡ് ചെയ്യില്ലെന്ന് മാനേജർ
Thursday, August 7, 2025 2:23 AM IST
പത്തനംതിട്ട: ഹൈക്കോടതി ഉത്തരവുണ്ടായിട്ടും എയ്ഡഡ് സ്കൂള്‍ അധ്യാപികയുടെ ശന്പള കുടിശിക നല്‍കാതിരുന്നതിലെ വീഴ്ച പൂർണമായും വിദ്യാഭ്യാസ ജില്ലാ ഓഫീസിന്റേതാണെന്നും പ്രഥമാധ്യാപികയ്ക്ക് ഇക്കാര്യത്തിൽ പിഴവുണ്ടായിട്ടില്ലെന്നും സ്കൂൾ മാനേജ്മെന്റ്. റാന്നി നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്കൂൾ മാനേജർ ജോർജ് ജോസഫ് ഇതു സംബന്ധിച്ച വിശദീകരണം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകി.
സ്കൂളിലെ യുപി വിഭാഗം അധ്യാപികയായ ലേഖ രവീന്ദ്രന്റെ 13 വര്‍ഷത്തെ ശന്പള കുടിശിക വിദ്യാഭ്യാസ ഓഫീസില്‍നിന്നു തടഞ്ഞുവച്ചതില്‍ മനംനൊന്ത് ഭര്‍ത്താവ് വി.ടി. ഷിജോ കഴിഞ്ഞദിവസം ജീവനൊടുക്കിയതിനെത്തുടര്‍ന്ന് പത്തനംതിട്ട ഡിഇഒയിലെ മൂന്ന് ജീവനക്കാരെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. സ്കൂളിലെ പ്രഥമാധ്യാപികയെയും സസ്പെൻഡ് ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവിൽ മാനേജരോടു നിർദേശിച്ചിരുന്നു.
എന്നാൽ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്ന്, പ്രഥമാധ്യാപികയ്ക്കെതിരേ തിടുക്കത്തിൽ നടപടിയെടുക്കേണ്ടതില്ലെന്നു തീരുമാനിച്ചു. തുടർന്ന് പ്രഥമാധ്യാപികയിൽനിന്നു വിശദീകരണം വാങ്ങി. ലേഖ രവീന്ദ്രന്റെ ശന്പളക്കുടിശിക തടസപ്പെട്ട വിഷയത്തിൽ വിശദമായ മറുപടിയാണ് പ്രഥമാധ്യാപിക മാനേജ്മെന്റിനു നൽകിയിട്ടുള്ളത്.
കഴിഞ്ഞ മേയ് 31നാണ് താൻ ചുമതലയേറ്റതെന്നും അതിനുശേഷം നടന്നിട്ടുള്ള നടപടികളും വിശദീകരിച്ചു. ഇതിനിടെ രണ്ടുമാസത്തെ ശന്പളം ലേഖയ്ക്കു ലഭിച്ചതായും ഷിജോയുടെ മരണശേഷം ഒരുമാസത്തെ ശന്പളത്തിനുള്ള ബില്ല് സമർപ്പിച്ചതായും മറുപടിയിൽ പറയുന്നു.
കുടിശിക ബില്ല് പാസാക്കുന്നതിനുള്ള ഒഥന്റിക്കേഷനുവേണ്ടി വിദ്യാഭ്യാസ ഓഫീസിലേക്ക് നൽകിയ വിവരങ്ങളും വിശദീകരിച്ചിട്ടുണ്ട്. ഇതിന് അംഗീകാരം നൽകാതെ തനിക്ക് ഒരു നടപടിയും നടത്താനില്ലെന്നും പ്രഥമാധ്യാപിക വിശദീകരിച്ചു.
നേരത്തേ നൽകിയ ഒഥന്റിക്കേഷൻ അപേക്ഷ മറച്ചുവച്ച് ഉദ്യോഗസ്ഥർ മനഃപൂർവം കഴിഞ്ഞദിവസം സ്കൂളിലെത്തി എഴുതിവാങ്ങിയതും വിശദീകരണത്തിലുണ്ട്.