ഡിസിഎൽ ബാലരംഗം
Thursday, August 7, 2025 2:23 AM IST
കൊച്ചേട്ടന്റെ കത്ത്
മാതാവേ, ഡാഡിയേം മമ്മിയേം ഒന്നിപ്പിക്കാവോ?
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
അന്ന് സ്കൂളിൽ മാതാപിതാക്കൾക്കായുള്ള പ്രാർത്ഥനാദിനം ആയിരുന്നു. മാതാപിതാക്കൾക്കായി പ്രാർത്ഥന എഴുതി ഉച്ചസമയത്തുതന്നാൽ, അധ്യാപകർ പ്രാർത്ഥിക്കാം എന്നാണ് വിദ്യാർഥികളോട് പറഞ്ഞത്. കുട്ടികൾ സമർപ്പിച്ച പ്രാർഥനകൾ വായിച്ചു വിങ്ങിക്കരഞ്ഞ അമ്മ മനസുള്ള ഒരധ്യാപികയാണ് എന്നോട് ഈ സംഭവം വിവരിച്ചത്.
ഒന്നാംക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർഥിനി, മൂന്നാംക്ലാസിലെ ഒരു കുട്ടിയേക്കൊണ്ട് എഴുതിച്ച് സമർപ്പിച്ചതാണ് ആ പ്രാർത്ഥന. ""മാതാവേ, എന്റെ ഡാഡിയേം മമ്മിയേം ഒന്നിപ്പിക്കാവോ?'' പ്രാർത്ഥന വായിച്ച് ടീച്ചർ വിതുന്പിപ്പോയി. മറ്റു പല കുട്ടികളും തങ്ങളുടെ കുടുംബത്തിലെ മാതാപിതാക്കൾ തമ്മിലുള്ള സ്നേഹബന്ധത്തിലെയും ദാന്പത്യബന്ധത്തിലേയും വിള്ളലുകൾ ഉള്ളുപൊള്ളുന്ന പ്രാർത്ഥനയായി സമർപ്പിച്ചിട്ടുണ്ടായിരുന്നു.
നിരവധി കുട്ടികൾ വീട്ടിലെ സാന്പത്തിക പ്രശ്നങ്ങൾ, പഠിക്കാനുള്ള പ്രയാസങ്ങൾ, ഉത്കണ്ഠ, ചീത്ത കൂട്ടുകാരുടെ ഭീഷണികളും പ്രലോഭനങ്ങളും ഒക്കെ വിഷയങ്ങളാക്കിയിരുന്നു. എങ്കിലും ഒന്നിലെ പിഞ്ചുബാലികയുടെ ഭാവിയെപ്പറ്റിയുള്ള വ്യാകുലത വല്ലാതെ ടീച്ചറിനെ വിഷമിപ്പിച്ചു!
കുട്ടികളുടെ പ്രാർത്ഥനാവിഷയങ്ങൾ എന്തെല്ലാമാണ്? സോഷ്യൽ മീഡിയയുടെ അതിപ്രസരം കുഞ്ഞുമക്കളുടെ മനസുകളെ ആത്മീയതയിൽനിന്നും പ്രാർത്ഥനയിൽനിന്നും അകറ്റിയിട്ടുണ്ടോ, തുടങ്ങി നിരാശാജനകമായ നിരവധി വ്യസനങ്ങൾ അധ്യാപകരേയും മുതിർന്നവരേയും അലട്ടാറുണ്ട്.
എന്നാൽ, എന്താണ് നമ്മുടെ മക്കൾ പ്രാർത്ഥിക്കുന്നത് എന്ന് അറിയുന്നത് നല്ലതാണ്. ധാരാളം വിദ്യാർഥികൾ ഇന്ന് സ്വസ്ഥമായി പഠിക്കാനുള്ള മാനസികാവസ്ഥ വീട്ടിൽ കിട്ടാതെ വിഷമിക്കുന്നുണ്ട്.
സോഷ്യൽമീഡിയ ന്യൂജൻ തലമുറയേക്കാൾ കൂടുതൽ വിഴുങ്ങിയിരിക്കുന്നത് യുവദന്പതികളേയും മധ്യവയസ്കരായ മാതാപിതാക്കളേയുമാണ് എന്ന് പല കുട്ടികളുടെയും സങ്കടങ്ങളോടു ചങ്കുചേർത്തുവയ്ക്കുന്പോൾ തോന്നാറുണ്ട്.
എന്തിനാണ് മൂന്നാംക്ലാസിലെ ചേച്ചിയെക്കൊണ്ട് പ്രാർത്ഥന എഴുതിച്ചത് എന്നു ടീച്ചർ ചോദിച്ചപ്പോൾ ആ കുഞ്ഞു പറഞ്ഞു: "" ഞാൻ എഴുതിയാൽ അക്ഷരത്തെറ്റുവന്നാൽ മാതാവിനു മനസിലായില്ലെങ്കിലോ?''
മാതാപിതാക്കളുടെ മാനസിക ഭിന്നത, കുടുംബകലഹം തുടങ്ങിയ വീട്ടിലെ അക്ഷരത്തെറ്റുകളുള്ള കഥകളെഴുതുന്പോഴും മക്കൾ പ്രാർത്ഥിക്കുന്നത്, തെറ്റുവരാതിരിക്കണേ എന്നാണ്; പ്രാർഥനയിലും, പ്രവർത്തനത്തിലും.
പ്രിയ കൂട്ടുകാരേ, മാതാപിതാക്കൾക്കുവേണ്ടി, എന്നും നിങ്ങൾ പ്രാർത്ഥിക്കണം. നിങ്ങളെ വളർത്താനുള്ള നെട്ടോട്ടത്തിലാണ് പല ദാന്പത്യബന്ധങ്ങളും തളർന്നുവീഴുന്നത്. നമുക്ക് വിശ്വാസവും സ്വാതന്ത്ര്യവുമുള്ള അധ്യാപകരോടോ, നമ്മുടെ നന്മ ആഗ്രഹിക്കുന്ന ഏറ്റവും നല്ല കൂട്ടുകാരോടോ ഒക്കെ മാത്രമേ, നമ്മുടെ വീട്ടിലെ സങ്കടങ്ങൾ അത്യാവശ്യമെങ്കിൽ മാത്രം പറയാവൂ. കൂട്ടുകാരോടു പറഞ്ഞില്ലെങ്കിലും നമ്മുടെ അധ്യാപകരോടും ആത്മീയ ഉപദേഷ്ടാക്കളോടും മനസിലെ വിഷമങ്ങൾ പറഞ്ഞ് പരിഹാരം നേടണം. പരിഹാരമില്ലാത്ത പ്രശ്നങ്ങൾ ഒന്നുമില്ല.
നമുക്കു തനിയെ സാധിക്കാത്തത് ദൈവത്തിനു സാധ്യമാണ്. ദൈവത്തിന് എല്ലാം സാധ്യമാണ് എന്ന് വിശ്വസിച്ചാൽ, മനുഷ്യന് ഒന്നും അസാധ്യമല്ല എന്ന ബൈബിൾ സന്ദേശം ഓർക്കാം. അതിനാൽ, കൂട്ടുകാർ, എന്നും മാതാപിതാക്കളോടൊപ്പം പ്രാർത്ഥിക്കണം. പ്രാർത്ഥന മനസിന് ആശ്വാസവും ആത്മവിശ്വാസവും നൽകും. കുഞ്ഞുങ്ങളുടെ പ്രാർത്ഥനയ്ക്ക് മാതാപിതാക്കളുടെ ഹൃദയബന്ധങ്ങളെ ഒട്ടിച്ചുനിർത്തുന്നതിൽ വലിയ പങ്കുണ്ട് എന്നറിയുക.
മക്കളെ മത്സരിച്ചു സ്നേഹിക്കുന്ന മാതാപിതാക്കളും മാതാപിതാക്കളെ സ്നേഹിക്കാൻ മത്സരിക്കുന്ന മക്കളുമുള്ള ദേവാലയങ്ങളായി ഞങ്ങളുടെ കുടുംബത്തെ മാറ്റേണമേ ദൈവമേ എന്ന് കൂട്ടുകാർ എന്നും പ്രാർത്ഥിക്കണം. ദൈവം അനുഗ്രഹിക്കട്ടെ.
പ്രാർത്ഥനയോടെ,
സ്വന്തം കൊച്ചേട്ടൻ
നിറങ്ങൾ പറയട്ടെ, ബാലതൂലികയിൽ വിരിയുന്ന ഇന്ത്യയുടെ നിറവ്
ദീപിക ദിനപത്രവും ദീപിക ബാലസഖ്യവും ചേർന്നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ദേശീയോദ്ഗ്രഥന ചിത്രരചനാമത്സരമായ കളർ ഇന്ത്യ സീസൺ 4 നാളെ നടക്കും. പത്തുലക്ഷത്തോളം കുട്ടികളുടെ പങ്കാളിത്തം ഇത്തവണത്തെ കളർ ഇന്ത്യ ചിത്രരചനാമത്സരത്തെ ഇന്നോളം നടന്നതിലെ ഏറ്റവും വലിയ മത്സരമാക്കി മാറ്റും. പങ്കെടുക്കുന്ന എല്ലാ കൂട്ടുകാർക്കും സഹക രിക്കുന്ന എല്ലാ അധ്യാപകർക്കും സഹപ്രവർ ത്തകർക്കും ഡിസിഎൽ കുടുംബത്തിന്റെ ആശംസകളും ഭാവുകങ്ങളും.
മത്സരംവേണ്ട, ഉത്സവം മതി...
ഏറ്റവും പ്രിയപ്പെട്ട ഡിസിഎൽ കൂട്ടുകാരോട്... കളർ ഇന്ത്യ കൂട്ടുകാരുടെ രാഷ്ട്രസ്നേഹത്തിന്റെ ഭാവനകൾ വിടരുന്ന അസുലഭമായ അവസരമാണ്. ഇന്ത്യ എന്ന മഹത്തായ വികാരം അതിന്റെ വിശുദ്ധമായ മൂല്യങ്ങളിലാണ് അടിത്തറ പാകിയിരിക്കുന്നത്. ലോകം ആദരിക്കുന്ന മഹിതമൂല്യങ്ങളുടെ മഹാസാകേതമായ ഇന്ത്യൻ ഭരണഘടനയിൽ അധിഷ്ഠിതമായ ഒരു വർത്തമാനകാല ഭാരതം - അതാണു നമ്മുടെ സ്വപ്നം. ആ സ്വപ്നത്തിനാണ് കൂട്ടുകാർ നിറംകൊടുക്കുന്നത്. അതുകൊണ്ട്, കളർ ഇന്ത്യ എന്നത് ഒരു മത്സരം മാത്രമായി കൂട്ടുകാർ കാണരുത്. കളർ ഇന്ത്യ ഉത്സവമാണ്. സാഹോദര്യത്തി ന്റെ ഉത്സവം. ഇന്ത്യയുടെ ഇന്നോളമുള്ള മഹാദർശനങ്ങളുടെയും ആർഷപൈതൃകത്തിന്റെയും മതസൗഹാർദത്തിന്റെയും ശാസ്ത്രസാങ്കേതിക വികാസപരിണാമങ്ങളുടെയും വിജയപതാകകൾ പാറിനിൽക്കുന്ന ഉത്സവം.
ഉദാത്തമായ ലക്ഷ്യം
അയ്യായിരത്തിലധികം സ്കൂളുകളിൽ പ്രഥമാധ്യാപകരുടെയും നൂറുകണക്കിന് അധ്യാപകരുടെയും ഡിസിഎല്ലിന്റെയും ദീപികയുടെയും സഹപ്രവർത്തകരുടെയും ഏതാനും മാസങ്ങളിലെ സുഘടിതമായ പരിശ്രമമാണ് ഇവിടെ പൂവണിയുന്നത്.
പത്തുലക്ഷത്തോളം വിദ്യാർഥികളിലും അവരുടെ കുടുംബങ്ങളിലും ഇന്ത്യയുടെ നിറം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹാർദത്തിന്റെയും നിറക്കൂട്ടാണ് എന്ന സന്ദേശം കളർ ഇന്ത്യയിലൂടെ ഡിസിഎൽ നല്കുകയാണ്.
"നോ ഡ്രഗ്സ്, നോ വാർ’
നിരപരാധികളായ മനുഷ്യലക്ഷങ്ങളുടെ ജീവിതത്തിന്റെ വർണ്ണപ്പകിട്ടുകൾ ചാര ക്കുമ്പാരമാക്കുന്ന എല്ലാ യുദ്ധങ്ങൾക്കും എതിരെയും ബാല, കൗമാര ,യൗവനങ്ങളുടെ നിറ സമൃദ്ധിയിൽ തീ കോരിയിടുന്ന എല്ലാവിധ ലഹരി ഉപയോഗങ്ങൾക്കെതിരെയും സമൂഹത്തിന്റെ ഉള്ളുണർത്തുകയാണ് ഈ വർഷത്തെ കളർ ഇന്ത്യയുടെ സുപ്രധാന ലക്ഷ്യം.
"കളർ ഇന്ത്യയുടെ പ്രസക്തി'
മതേതര ഇന്ത്യയുടെ മുഖം തീവ്രവാദവും രാഷ്ട്രീയ പക്ഷപാ തവും മതവൈരവും പ്രാദേശിക വാദങ്ങളും കൊണ്ടു വരയ്ക്കുവാൻ തത്രപ്പെടുന്ന ഈ കാലഘട്ടത്തിൽ ഭാരതത്തിന്റെ മഹത്തായ സൗഹാർദസന്ദേശംകൊണ്ട് , അക്രമത്തിന്റെയും വർഗവൈരത്തിന്റെയും പ്രാദേശിക വാദത്തിന്റെയും കറകൾ കഴുകിക്കളയുവാൻ കൈകോർക്കുന്നു എന്നതാണ് കളർ ഇന്ത്യയുടെ പ്രസക്തി.
ഈ സ്വപ്നപദ്ധതിയോടു സഹകരിക്കുന്ന എല്ലാ വിദ്യാലയങ്ങളും കളർ ഇന്ത്യയിലൂടെ ദീപിക ബാലസഖ്യത്തിന്റെ വിശ്വമാനവിക ദർശനമായ "നാം ഒരു കുടുംബം' എന്ന സന്ദേശം വിദ്യാർഥികളുടെ മനസിൽ ശിലാലിഖി തമാക്കുകയാണ്. ആയിരക്കണക്കിനുസ്കൂൾ മാനേജുമെന്റ ു കൾ അവരുടെ ക്ലാസ്മുറികളിലൂടെ ഇന്ന് ഇന്ത്യയ്ക്കുവേണ്ടത് ഐക്യത്തിന്റെയും മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മുഖമാണ് എന്ന് ലക്ഷക്കണക്കിനു വിദ്യാർഥികളോട് ആഹ്വാനം ചെയ്യുകയാണ്.
ഒരേയൊരിന്ത്യ, ഒരൊറ്റ ജനത
73 വർഷങ്ങളായി ദീപിക ബാലസഖ്യത്തിലൂടെ ഈ മുദ്രാവാക്യം ഏറ്റുപാടി വളർന്ന വിദ്യാർഥി ലക്ഷങ്ങൾ ഇന്ന് ലോകം മുഴുവനും ഭാരതഭൂമിയുടെ അഭിമാനമായി വിരാജിക്കുന്നുണ്ട്. ഇന്ത്യയുടെ ഐക്യം എന്നത് വിദ്യാർഥികളുടെ ഐക്യമാണ് എന്ന് ഡിസിഎൽ വിദ്യാർഥികളെ ഉദ്ബോധിപ്പിക്കുകയാണ്. ജാതി-മത-വർഗ-വർണ-ദേശ-രാഷ്ട്രീയ ഭേദമില്ലാതെ ഭാരതത്തിലെ എല്ലാ വിദ്യാർഥികളും ഭാരതം എന്റെ രാജ്യമാണ്, എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരങ്ങളാണ് എന്ന് നെഞ്ചിൽ തൊട്ട് പ്രതിജ്ഞയെടുക്കുന്ന പ്രത്യാശയുടെ പുലരിയിലേക്കാണ് 137 വർഷമായി രാഷ്ട്രനിർമിതിയിൽ സ്തുത്യർഹമായ പങ്കുവഹിക്കുന്ന ദീപിക ദിനപത്രവും ദീപിക ബാലസഖ്യവും വിദ്യാർഥികളെ നയിക്കുന്നത്; "കളർ ഇന്ത്യ'യിലൂടെ!!
എല്ലാ കൂട്ടുകാരെയും ഡിസിഎൽ - ദീപിക കളർ ഇന്ത്യയിലൂടെ വർത്തമാനകാല ഭാരതത്തിനു വർണം ചാർത്താൻ ഹൃദയപൂർവം ക്ഷണിക്കുന്നു.
കരിമണ്ണൂർ മേഖലാ നേതൃസംഗമവും തെരഞ്ഞെടുപ്പും
കരിമണ്ണൂർ : ഡി.സി.എൽ കരിമണ്ണൂർ മേഖലാ നേതൃസംഗമവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സെന്റ് ജോസഫ്സ് എച്ച്.എസ്.എസിൽ നടത്തി. മേഖലാ ഓർഗനൈസർ ബിനോജ് ആൻറണി അധ്യക്ഷത വഹിച്ചു. പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ്.ജെ. കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഡയറക്ടർമാരായ ഐനി തോമസ് , ഗ്രീനിമോൾ തോമസ് , ബിന്ദു പീറ്റർ , അഞ്ജു സൈമി എന്നിവർ പ്രസംഗിച്ചു.
ജെറിൻ സിജോ (നിർമല കരിമണ്ണൂർ ) , ഇവാന ജോ (സെൻറ് മേരീസ് കാളിയാർ ) - കൗൺസിലർമാർ , ആൻ ഗ്രെയിസ് ബിനോയി ( നിർമല കരിമണ്ണൂർ ) - ലീഡർ , ഐവാൻ ജിജോ (ഹോളി ഫാമിലി കരിമണ്ണൂർ ) - ഡെപ്യൂട്ടി ലീഡർ , ജെറോൺ ആന്റണി ജോളി , പവിത്ര വിക്രമൻ (ഇരുവരും സെന്റ് ജോസഫ്സ് കരിമണ്ണൂർ ) - ജനറൽ സെക്രട്ടറിമാർ , എയ്ഞ്ചലീന ഷിന്റോ (ഹോളി ഫാമിലി കരിമണ്ണൂർ ) - പ്രോജക്റ്റ് സെക്രട്ടറി , അഭിനവ് രതീഷ് (സെന്റ് ജോർജ് ഉടുമ്പന്നൂർ ) - ട്രഷറർ എന്നിവരാണ് മേഖലാ ഭാരവാഹികൾ.