അധിക്ഷേപ പരാതി: അടൂരിനെതിരേ കേസെടുക്കാനാകില്ലെന്നു പോലീസിനു നിയമോപദേശം
Thursday, August 7, 2025 2:24 AM IST
തിരുവനന്തപുരം: സിനിമാ പോളിസി കോണ്‍ക്ലേവ് സമാപന ചടങ്ങില്‍ പട്ടികവിഭാഗക്കാരെയും സ്ത്രീകളെയും അധിക്ഷേപിച്ചെന്ന പരാതിയില്‍ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനെതിരേ കേസെടുക്കാനാകില്ലെന്നു നിയമോപദേശം.
സര്‍ക്കാര്‍ സംഘടിപ്പിച്ച നയരൂപീകരണ യോഗത്തില്‍ നടത്തിയ പ്രസംഗത്തിനിലെ പരാമര്‍ശത്തില്‍ വിവാദം തുടരുന്നതിനിടെയാണ് കേസെടുക്കാന്‍ കഴിയില്ലെന്നു പോലീസിനു നിയമോപദേശം ലഭിച്ചത്. അടൂര്‍ ഗോപാലകൃഷ്ണനെതിരെ എസ്സി/എസ്ടി കമ്മീഷനും മ്യൂസിയം പോലീസിനുമാണ് പരാതി ലഭിച്ചിട്ടുള്ളത്.
പരാതിയില്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് കമ്മീഷന് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടറോടാണ് പോലീസ് നിയമോപദേശം തേടിയത്.