രണ്ടരക്കോടിയുടെ തിമിംഗല ഛര്‍ദിയുമായി കൊച്ചിയില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍
Thursday, August 7, 2025 2:23 AM IST
കൊച്ചി: കൊച്ചിയില്‍ രണ്ടരക്കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛര്‍ദിയുമായി (ആംബര്‍ഗ്രീസ്) രണ്ടു യുവാക്കള്‍ അറസ്റ്റില്‍. ഫോര്‍ട്ട്കൊച്ചി സ്വദേശി മുഹമ്മദ് സുഹൈല്‍ (20), ലക്ഷദ്വീപ് കല്‍പ്പേനി സ്വദേശി സുഹൈല്‍ സഹീര്‍ എന്നിവരെയാണു കൊച്ചി സിറ്റി പോലീസ് പിടികൂടിയത്.
ഇവരുടെ പക്കല്‍നിന്ന് 1.35 കിലോഗ്രാം തിമിംഗല ഛര്‍ദി പിടിച്ചെടുത്തു. ഇത് വനംവകുപ്പിന് കൈമാറും. രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസിന്റെ രണ്ടുദിവസത്തെ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് പ്രതികള്‍ പിടിയിലായത്.
കല്പേനി സ്വദേശിയായ സുഹൈലാണു ലക്ഷദ്വീപില്‍നിന്നു വില്പനയ്ക്കായി തിമിംഗല ഛര്‍ദി കേരളത്തിലെത്തിച്ചത്. നാട്ടുകാരന് കൈമാറിയതാണെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞിട്ടുള്ളത്.
ഫോര്‍ട്ട്കൊച്ചിയില്‍ ബേക്കറിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ മുഹമ്മദ് സുഹൈലുമായി ചേര്‍ന്നു വില്ക്കാന് പദ്ധതിയിടുകയായിരുന്നു. ഇതിനായി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. തുടര്‍ന്ന് തിമിംഗല ഛര്‍ദി വില്‍ക്കാനുണ്ടെന്ന് കാണിച്ച് ഈ അക്കൗണ്ടില്‍ പോസ്റ്റിട്ടു. സൈബര്‍ പോലീസ് ഇതു കണ്ടതോടെ ഇവർ നിരീക്ഷണത്തിലായി.