സ്ത്രീകളുടെ തിരോധാനം: സെബാസ്റ്റ്യന്റെ ഭാര്യയുടെ മൊഴിയെടുത്തു
Thursday, August 7, 2025 2:23 AM IST
കോട്ടയം: നാലു സ്ത്രീകളെ ദുരൂഹസാഹചര്യത്തിൽ കാണാതായ സംഭവത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന സെബാസ്റ്റ്യനെ പോലീസ് വിശദമായി ചോദ്യം ചെയ്തു.
ഭാര്യയെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. കാണാതായ സ്ത്രീകളിൽ ഒരാളായ ജെയ്നമ്മയുടെ ബന്ധുവുമായി മുന്‍പരിചയമുണ്ടെന്ന് ചോദ്യം ചെയ്യലിൽ സെബാസറ്റ്യൻ സമ്മതിച്ചു.
ആറ് ദിവസമായി ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള സെബാസ്റ്റ്യന്‍ ചോദ്യങ്ങളോട് സഹകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഭാര്യയില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനായി ക്രൈംബ്രാഞ്ച് മൊഴിയെടുത്തത്.
ജെയ്നമ്മയെ കാണാതായ ദിവസം സെബാസ്റ്റ്യന്‍ എവിടെയാണെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇവരില്‍നിന്ന് ശേഖരിച്ചത്. ഇരുവരെയും ഒരുമിച്ച് ഇരുത്തി നടത്തിയ ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന. മുമ്പും അന്വേഷണസംഘം ഭാര്യയുടെ മൊഴി എടുത്തിരുന്നു.
അസുഖബാധിതയായ അമ്മയെ പരിചരിക്കുന്നതിനായി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഭാര്യയും മകളും ഏറ്റുമാനൂര്‍ വെട്ടിമുകളിലുള്ള സ്വന്തം വീട്ടിലാണു താമസം. ഇടയ്ക്കിടക്ക് സെബാസ്റ്റ്യനും ഇവര്‍ക്കൊപ്പം ഇവിടെ താമസിക്കുന്നുണ്ടായിരുന്നു.
കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് എസ്പി ഗിരീഷ് പി. സാരഥി അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണു മൊഴിയെടുത്തത്. കോട്ടയം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ കഴിയുന്ന സെബാസ്റ്റ്യനെ ഇന്നലെ രാവിലെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് സൂചന.