ഒരു വീട്ടിലെ വോട്ട് പല വാർഡുകളിൽ തിരുത്താൻ നിർദേശം
Thursday, August 7, 2025 2:24 AM IST
തിരുവനന്തപുരം: ഒരു വീട്ടിലെ അംഗങ്ങൾക്ക് പല വാർഡുകളിലെ വോട്ടർമാരാക്കിയ സംഭവത്തിൽ തദ്ദേശ സ്ഥാപനങ്ങൾ സ്വമേധയാ കണ്ടെത്തി തെറ്റു തിരുത്താൻ നടപടി സ്വീകരിക്കണമെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചു.
ഇതു സംബന്ധിച്ച നിർദേശം ജില്ലാ കളക്ടർമാർക്കും തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കും നൽകിയതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ. ഷാജഹാൻ ദീപികയോടു പറഞ്ഞു.
തദ്ദേശ വാർഡ് പുനർ വിഭജനവുമായി ബന്ധപ്പെട്ട് ഒരു വീട്ടിലെ അംഗങ്ങളിലെ പല വാർഡുകളിലെ വോട്ടർമാരാക്കിയ ഗുരുതര ക്രമക്കേട് ദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ ഇടപെടൽ.
തദ്ദേശ സ്ഥാപന വോട്ടർമാരെ പല വാർഡുകളിലാക്കി വിഭജിച്ച നടപടി തദ്ദേശ സ്ഥാപന സെക്രട്ടറിമാർ തയാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലായ സാഹചര്യത്തിലാണ് ഇതു തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർ സ്വമേധയാ തിരുത്തേണ്ടത്.
തദ്ദേശ വാർഡ് പുനർവിഭജനം റോഡുകളുടെ ഇരുഭാഗത്തുമായി വിഭജിച്ചു നൽകാത്തതും ചിലയിടങ്ങളിൽ പ്രശ്നങ്ങൾക്ക് ഇടയാക്കിയിരുന്നു.