അക്ഷയ കേന്ദ്രങ്ങളിലെ കെ സ്മാര്‍ട്ട് പോര്‍ട്ടല്‍ സേവനങ്ങള്‍ക്ക് നിരക്കുകള്‍ നിശ്ചയിച്ചു
Thursday, August 7, 2025 2:23 AM IST
തിരുവനന്തപുരം: അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയുള്ള കെ സ്മാര്‍ട്ട് പോര്‍ട്ടല്‍ സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് നിശ്ചയിച്ച് തദ്ദേശ വകുപ്പ് ഉത്തരവിറക്കി.
ജനന, മരണ രജിസ്ട്രേഷനു 40 രൂപയാണ് ഫീസ്. ജനന, മരണ രജിസ്ട്രേഷനുകളിലെ തിരുത്തലിന് 50 രൂപ നല്‍കണം. വിവാഹ രജിസ്ട്രേഷനു പൊതുവിഭാഗത്തിനു 70 രൂപയും എസ്സി, എസ്ടി വിഭാഗത്തിന് 50 രൂപയുമാണ്. വിവാഹ രജിസ്ട്രേഷന് തിരുത്താന്‍ 60 രൂപ നല്‍കണം.
ലൈസന്‍സ് അപേക്ഷ 40, ലൈസന്‍സ് തിരുത്തലുകള്‍ 40, പരാതികള്‍ 30, സര്‍ട്ടിഫിക്കറ്റുകള്‍, അറിയിപ്പുകള് തുടങ്ങിയവ ഡൗണ്‍ലോഡ് ചെയ്തു നല്‍കുന്നതിന് പേജ് ഒന്നിന് 10 രൂപ എന്നിങ്ങനെയാണ് നിരക്ക്. നികുതികള്‍, ഫീസുകള്‍ എന്നിവ അടയ്ക്കുന്നതിനു 10 രൂപ മുതല്‍ 100 രൂപ വരെ നല്‍കണം.
ഉടമസ്ഥാവകാശം മാറ്റല്‍ 50, ബിപിഎല്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ 10, മറ്റ് അപേക്ഷകള്‍ 20 എന്നിങ്ങനെയാണ് നിരക്കുകള്‍. ഇതില്‍ കൂടുതല്‍ അക്ഷയ കേന്ദ്രങ്ങള്‍ ഈടാക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
കെ സ്മാര്‍ട്ട് സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങളില്‍ വലിയ തുക ഈടാക്കുന്നു എന്ന പരാതിയുണ്ടായിരുന്ന സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.