വയര്‍ലെസ് സെറ്റുമായി പരീക്ഷാഹാളിൽ; സിആര്‍പിഎഫ് ഇന്‍സ്പെക്ടർ അറസ്റ്റില്‍
Thursday, August 7, 2025 2:23 AM IST
കൊച്ചി: യുപിഎസ്സിയുടെ സെന്‍ട്രല്‍ ആംഡ് പോലീസ് സര്‍വീസ് പരീക്ഷയെഴുതാനെത്തിയ സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ ജാക്കറ്റിലൊളിപ്പിച്ച വയര്‍ലെസ് സെറ്റും ട്രാന്‍സ്മിറ്ററുമായി പരീക്ഷാഹാളില്‍നിന്ന് അറസ്റ്റ് ചെയ്തു. സമീപമുള്ള ഹോട്ടല്‍ മുറിയില്‍ മറ്റൊരു വയര്‍ലെസ് സെറ്റുമായി ഇയാളുടെ വനിതാ സുഹൃത്തും അറസ്റ്റിലായി.
ഛത്തീസ്ഗഡില്‍ സിആര്‍പിഎഫ് സബ് ഇന്‍സ്പെക്ടറായ ബിഹാര്‍ സ്വദേശി അങ്കിത്, ഇയാളുടെ വനിതാ സുഹൃത്ത് തമിഴ്നാട് സ്വദേശി പ്രതിഭ എന്നിവരെയാണ് കഴിഞ്ഞദിവസം എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച എറണാകുളം എസ്ആര്‍വി സ്കൂളില്‍ സിആര്‍പിഎഫ് അസിസ്റ്റന്റ് കമന്‍ഡാന്റ് തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ക്രമക്കേടിനു ശ്രമം നടന്നത്. സ്കൂളിന്റെ പ്രധാന കവാടത്തില്‍ സ്ഥാപിച്ചിരുന്ന മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനം മറികടന്നാണ് ഇയാള്‍ ജാക്കറ്റും ഉപകരണങ്ങളുമായി സ്കൂള്‍ വളപ്പില്‍ എത്തിയത്. പരീക്ഷയ്ക്കു മുമ്പുള്ള ദേഹപരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ ജാക്കറ്റ് സ്കൂള്‍വളപ്പില്‍ ഒളിപ്പിക്കുകയായിരുന്നു.
ദേഹപരിശോധനയ്ക്കു ശേഷമാണ് ജാക്കറ്റ് ധരിച്ചു പരീക്ഷാഹാളില്‍ കടന്നത്. ഈ സമയം ജാക്കറ്റിനുള്ളില്‍ വയര്‍ലെസ് സെറ്റും ട്രാന്‍സ്മിറ്ററും ഒളിപ്പിച്ചു.
ജാക്കറ്റില്‍ ഒളിപ്പിച്ചിരുന്ന പഴയ ചോദ്യപേപ്പര്‍ അബദ്ധത്തില്‍ നിലത്തു വീണതു കണ്ട് ഇന്വിജിലേറ്റര്ക്കു തോന്നിയ സംശയമാണ് പിടിവീഴാൻ കാരണമായത്. ഇന്‍വിജിലേറ്ററുടെ നിര്‍ദേശപ്രകാരം സുരക്ഷാ ഉദ്യോഗസ്ഥര്‍ ദേഹപരിശോധന നടത്തിയപ്പോള്‍ വയര്‍ലെസും ട്രാന്‍സ്മിറ്ററും കണ്ടെടുത്തു. തുടര്‍ന്നാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
എസ്ആര്‍വി സ്കൂളിനു സമീപത്തെ ഹോട്ടലിലാണ് ഇയാളും സുഹൃത്തും താമസിച്ചത്. പ്രതിഭയെ ഇവിടെനിന്നാണ് അറസ്റ്റ് ചെയ്തത്. ഇരുവരും റിമാന്‍ഡിലാണ്.