പാചകത്തൊഴിലാളികളുടെ ഓണറേറിയം: ധനമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് ശിവൻകുട്ടി
Thursday, August 7, 2025 2:23 AM IST
തിരുവനന്തപുരം: സ്കൂൾ പാചകത്തൊഴിലാളികളുടെ ഓണറേറിയം എല്ലാ മാസവും അഞ്ചിനു മുന്പ് നല്കുന്ന കാര്യം ധനമന്ത്രിയുമായി ചർച്ചചെയ്തു തീരുമാനിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
സ്കൂൾ പാചകത്തൊഴിലാളി സംഘടനകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കേന്ദ്ര വിഹിതം ലഭിച്ചില്ലെങ്കിൽ പോലും സംസ്ഥാന വിഹിതം മാത്രം ഉപയോഗിച്ച് ഓണറേറിയം വിതരണം ചെയ്യും.
300 വിദ്യാർഥികൾക്ക് ഒരു പാചകത്തൊഴിലാളി എന്ന നിലവിൽ തൊഴിലാളികളെ നിയമിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. പാചകത്തൊഴിലാളികളുടെ വിരമിക്കൽ പ്രായം 65 വയസായി നിശ്ചയിച്ചു.
വിരമിക്കൽ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് രേഖാമൂലം അഭിപ്രായം നൽകാൻ ട്രേഡ് യൂണിയനുകൾക്ക് നിർദേശം നൽകി. പാചക തൊഴിലാളികൾക്ക് യൂണിഫോമും തിരിച്ചറിയൽ കാർഡും നൽകാൻ ഉച്ചഭക്ഷണ കമ്മിറ്റിക്ക് നിർദേശം നൽകും.
അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡിൽ പാചകത്തൊഴിലാളികളെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ചു പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ലേബർ കമ്മീഷണറെയും, മിനിമം വേജസിന്റെ പരിധിയിൽനിന്നും സ്കൂൾ പാചക തൊഴിലാളികളെ ഒഴിവാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുനഃപരിശോധിക്കാൻ ലേബർ സെക്രട്ടറിയെയും ചുമതലപ്പെടുത്തി.