സ്കൂളുകളിലെ നിയമനാംഗീകാരം ; സർക്കാർ ഉത്തരവിൽ വിവേചനം: കെസിബിസി
Thursday, August 7, 2025 2:24 AM IST
കൊച്ചി: ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് തികച്ചും വിവേചനപരമായി ഗവ. അഡീഷണല്‍ സെക്രട്ടറി കഴിഞ്ഞ 31ന് പുറപ്പെടുവിച്ച ഉത്തരവ് പ്രതിഷേധാർഹമെന്ന് കെസിബിസി.
ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാർഥികള്‍ക്കായി നിയമാനുസൃതമായി ഒഴിവുകള്‍ എയ്ഡഡ് സ്കൂളുകളില്‍ ഒഴിച്ചിട്ടിട്ടുണ്ടെങ്കില്‍ മറ്റു നിയമനങ്ങള്‍ക്ക് അംഗീകാരം നൽകണമെന്നും അവ ക്രമവത്കരിച്ചു നൽകണമെന്നും എന്‍എസ്എസിനുള്ള വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന് അനുകൂലമായ ഉത്തരവ് സര്‍ക്കാരും പുറപ്പെടുവിച്ചു.
എന്‍എസ്എസ് കേസില്‍ സുപ്രീംകോടതിയുടെ വിധിയിൽ സമാനസ്വഭാവമുള്ള സൊസൈറ്റികള്‍ക്കും ഈ വിധിന്യായം നടപ്പാക്കാമെന്ന കാര്യം വ്യക്തമാക്കിയിരുന്നു. സമാനവിഷയത്തില്‍ കെസിബിസി കമ്മീഷന് ഫോര്‍ എഡ്യുക്കേഷനുവേണ്ടി കണ്‍സോര്‍ഷ്യം ഓഫ് കാത്തലിക് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിക്കുകയും സുപ്രീംകോടതി വിധിയുടെയും അതിനനുസൃതമായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെയും വെളിച്ചത്തില്‍ കാത്തലിക് മാനേജ്മെന്റുകളുടെ അപേക്ഷ പരിഗണിക്കുമെന്ന അനുകൂലവിധി നേടുകയും ചെയ്തു.
എന്നാല്‍, പുതിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത് സുപ്രീംകോടതി വിധി എന്‍എസ്എസിനു മാത്രം ബാധകമാണെന്നും മറ്റു മാനേജ്മെന്റുകളില്‍ ഇതു നടപ്പാക്കണമെങ്കില്‍ പ്രത്യേക കോടതി ഉത്തരവ് വേണമെന്നുമാണ്.
എന്‍എസ്എസിനു ലഭിച്ച അനുകൂല വിധി മറ്റു സമുദായങ്ങളില്‍പ്പെട്ടവര്‍ക്കും സമാന സാഹചര്യങ്ങളില്‍ ബാധകമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുള്ളതിനാല്‍ കാത്തലിക് മാനേജ്മെന്റുകളുടെ കേസില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് വിവേചനപരവും തുല്യനീതിയുടെ ലംഘനവുമാണ്.
സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടുമൂലം ഇതിനകം നിയമിതരായ ആയിരക്കണക്കിനു ജീവനക്കാര്‍ സാമ്പത്തിക ക്ലേശത്തിലാണ്. ഇവർക്കു വ്യക്തിപരവും കുടുംബപരവും സാമുദായികപരവുമായ അസ്വസ്ഥതകള്ക്കുകൂടി സർക്കാർ നിലപാട് കാരണമാകുന്നുണ്ടെന്നും കെസിബിസി വിലയിരുത്തി.
പ്രത്യാശയുടെ ജൂബിലി ഡിസംബര്‍ 13ന്
കൊച്ചി: സാര്‍വത്രിക സഭയില്‍ നടന്നുകൊണ്ടിരിക്കുന്ന ‘പ്രത്യാശയുടെ ജൂബിലി’ കേരള സഭാതലത്തില്‍ ഡിസംബര്‍ 13ന് ആഘോഷിക്കും. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലാണു വിപുലമായി പരിപാടി നടക്കുകയെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ അറിയിച്ചു.