പെട്രോള്‍ പമ്പുകളിലെ ടോയ്ലെറ്റുകള് പൊതുജനത്തിനും ലഭ്യമാക്കണമെന്ന് എണ്ണക്കമ്പനികൾ
Thursday, August 7, 2025 2:24 AM IST
കൊച്ചി: പെട്രോള്‍ പമ്പുകളിലെ ടോയ്ലറ്റുകള് പൊതുജനങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് എണ്ണക്കമ്പനികള്‍ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
ഡീലര്‍മാരുമായുള്ള കരാറില്‍ പമ്പുകളിലെ ടോയ്ലെറ്റുകള് പൊതു ശൗചാലയങ്ങളായി കണക്കാക്കണമെന്നു വ്യവസ്ഥയുണ്ടോയെന്ന് മറുപടി സത്യവാങ്മൂലമായി നല്‍കണമെന്ന് കോടതി നിർദേശിച്ചു.
ഡീലര്‍ഷിപ്പ് കരാറിൽ വ്യവസ്ഥയില്ലെങ്കിലും യാത്രക്കാര്‍ക്ക് ഉപയോഗിക്കാമെന്നാണു വ്യവസ്ഥയെന്ന് എണ്ണക്കമ്പനികള്‍ വിശദീകരിച്ചു.
യാത്രക്കാര്‍ എന്നതില്‍ പൊതുജനങ്ങള്‍കൂടി ഉള്‍പ്പെടുമെന്നും വാക്കാല്‍ മറുപടി നല്കി. എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ലിമിറ്റഡ് (ഐഒസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡ് (എച്ച്പിസിഎല്‍), ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡ് (ബിപിസിഎല്‍) എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ എണ്ണക്കമ്പനികളോടു കോടതി നിര്‍ദേശിച്ചു.
പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതു ശൗചാലയങ്ങളെന്നു വ്യവസ്ഥ ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേയാണ് പെട്രോളിയം ഡീലര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചത്.