ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി: സമയം നീട്ടി കെഎസ്ഇബി
Thursday, August 7, 2025 2:23 AM IST
ജോണ്സണ് വേങ്ങത്തടം
കൊല്ലം: ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കുടിശിക അനായാസം അടച്ചുതീര്‍ക്കാനുള്ള സമയപരിധി കെഎസ്ഇബി ഒരു മാസം കൂടി നീട്ടി. ഓഗസ്റ്റ് 31വരെയാണ് പുതുക്കിയ സമയം. ഈ മാസം 20-ാംതീയതിവരെ അപേക്ഷ സ്വീകരിക്കും.
31നാണ് ഉപഭോക്താവ് ഡിമാന്‍ഡ് നോട്ടീസ് നല്‍കുന്നതിനും ആദ്യഗഡു അടയ്ക്കുന്നതിനുമുള്ള അവസാനതീയതി. മുഴുവന്‍ മുതലും ഒരുമിച്ച് അടച്ചാല്‍ പലിശയിൽ അഞ്ചു ശതമാനം വരെ കുറവുണ്ടാകും. മേയ് ഒന്നു മുതല്‍ ജൂലൈ 31 വരെയുള്ള കുടിശിക തീര്‍പ്പാക്കല്‍ പദ്ധതിയാണ് ഒരു മാസവുംകൂടി നീട്ടിയിരിക്കുന്നത്.
രണ്ടുവര്‍ഷത്തെ വൈദ്യുതി ചാർജ് കുടിശികയുള്ള ഉപഭോക്താക്കള്ക്കുപുറമേ കേബിള്‍ ടിവി ഉടമകളുടെ വൈദ്യുത പോസ്റ്റ് വാടക കുടിശികയും ഈ പദ്ധതിയുടെ ഭാഗമായി തീര്‍പ്പാക്കാന്‍ അവസരമുണ്ട്. റവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ, കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശികകളും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാനാകും. വൈദ്യുതി ബില്‍ കുടിശിക കാരണം വിച്ഛേദിക്കപ്പെട്ട കണക്ഷനുകള്‍ കുടിശിക അടച്ചുതീര്‍ത്ത് പുനഃസ്ഥാപിക്കാനുമാകും. കെഎസ്ഇബി പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ പ്രത്യേക വെബ്പോര്‍ട്ടല്‍ നിലവിലുണ്ട്.
ots.kseb.in എന്ന വെബ്പോര്‍ട്ടലിലൂടെ കെഎസ്ഇബി സെക്ഷന്‍ ഓഫീസ് സന്ദര്‍ശിക്കാതെ തന്നെ ലോടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്കു പദ്ധതിയുടെ ഭാഗമാകാന്‍ കഴിയും.വൈദ്യുതി ബില്‍ കുടിശികയിനത്തില്‍ കെഎസ്ഇബിക്കു പിരിഞ്ഞുകിട്ടാനുള്ളത് 2,164.06 കോടി രൂപയാണ്.
സ്വകാര്യ സ്ഥാപനങ്ങളുടെ കുടിശികയാണ് കൂടുതല്‍ 1,012.29 കോടി രൂപ. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുമേഖലാസ്ഥാപനങ്ങളും നല്‍കാനുള്ളത് 757.03 കോടി രൂപയും.
ഗാര്‍ഹിക ഉപഭോക്താക്കളുടെ കുടിശിക 318.69 കോടി രൂപയാണ്. കുടിശികയുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരേ റവന്യു റിക്കവറി നടപടികളില്‍ പലതും മന്ദഗതിയിലാണ്.എന്നാല്‍, സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ കുടിശിക അടച്ചുതീര്‍ക്കുന്നതിനു വേഗം കൂടിയിട്ടുണ്ട്.
കുടിശികയുള്ള സര്‍ക്കാര്‍ ആശുപത്രികള്‍, പോലീസ് സ്റ്റേഷനുകള്‍, ജല അഥോറിറ്റി, പമ്പ് ഹൗസുകള്‍, കൃഷിഭവനുകള്‍ എന്നിവിടങ്ങളിലെ വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബിക്ക് വിമുഖതയുണ്ട്. സര്‍ക്കാര്‍ ഇടപെട്ട് കുടിശിക തീര്‍ക്കുന്നതിനു ശ്രമിക്കുന്നതിനാലാണിത്.