വര്‍ധിച്ചുവരുന്ന ന്യൂനപക്ഷ പീഡനങ്ങളില്‍ ആശങ്ക: കെസിബിസി
Thursday, August 7, 2025 2:24 AM IST
കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ചുവരുന്ന ക്രൈസ്തവ ന്യൂനപക്ഷ പീഡനങ്ങളില്‍ കൊച്ചിയിൽ നടന്ന കെസിബിസി സമ്മേളനം അതിയായ ആശങ്ക രേഖപ്പെടുത്തി.
ഛത്തീസ്ഗഡില്‍ അന്യായമായി തടവിലാക്കപ്പെട്ട സന്യാസിനിമാരോടും സഹോദരങ്ങളോടും കെസിബിസി ആവർത്തിച്ച് ഐക്യദാര്‍ഢ്യമറിയിച്ചു.
ജാമ്യം ലഭിച്ചുവെങ്കിലും അന്യായമായി അവരുടെ പേരില്‍ രജിസ്റ്റർ ചെയ്യപ്പെട്ട കേസ് നിലനിൽക്കുന്നതു ഭീതിയുണർത്തുന്നതാണ്. കേസ് പിന്‍വലിച്ച് അവര്‍ക്കു ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും പൂര്‍ണമായും പുനഃസ്ഥാപിച്ചു നൽകണം. ഈ പ്രതിസന്ധിയില്‍ കേരളസഭയുടെയും ക്രൈസ്തവസമൂഹത്തിന്റെയും സന്മനസുള്ള എല്ലാവരുടെയും വലിയ കൂട്ടായ്മ പ്രകടമായിരുന്നുവെന്നും കെസിബിസി വിലയിരുത്തി.
വയനാട് - വിലങ്ങാട് പ്രകൃതിദുരന്ത പുനരധിവാസത്തിന്റെ ഭാഗമായി കെസിബിസി വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിര്‍മാണം വേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇരുപതോളം വീടുകള്‍ പൂര്‍ത്തിയായി.
ഡിസംബറോടെ മുഴുവന്‍ വീടുകളും പൂര്‍ത്തിയാകുമെന്നും കെസിബിസി അറിയിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന കെസിബിസി സമ്മേളനം വിവിധ ആനുകാലിക വിഷയങ്ങളും ചര്‍ച്ച ചെയ്തു. തുടർന്നു മെത്രാന്മാരുടെ വാര്‍ഷികധ്യാനം ആരംഭിച്ചു. ഒന്‍പതിന് സമാപിക്കും.