പാലിയേക്കര ടോൾ പ്ലാസ; ദിവസവും പിരിക്കുന്നത് 53 ലക്ഷം രൂപ!
Thursday, August 7, 2025 2:24 AM IST
തൃശൂർ: നാലാഴ്ച ടോൾപിരിവ് നിർത്തുന്പോൾ ടോൾ കന്പനിക്കു നഷ്ടം 16 കോടിയോളം രൂപ. 2024 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ചു പ്രതിദിനം 40,000 വാഹനങ്ങളിൽനിന്നു ശരാശരി 53 ലക്ഷം രൂപയാണു ലഭിക്കുന്നത്. 2028 ജൂണ്‍ വരെയാണു ടോൾ പിരിക്കാൻ അനുമതി.
മണ്ണുത്തി-ഇടപ്പള്ളി പാതയ്ക്കായി 720 കോടിയാണു ചെലവ്. 2024 ഡിസംബർ 31 വരെ 1506.28 കോടി പിരിച്ചെടുത്തു.
പുതിയ കണക്കുകൾ പുറത്തു വന്നിട്ടില്ലെങ്കിലും 93 കോടിയെങ്കിലും കഴിഞ്ഞ ആറുമാസത്തിനിടെ പിരിച്ചിട്ടുണ്ട്. 55 രൂപയിൽ തുടങ്ങിയ ടോൾപിരിവ് ഇപ്പോൾ 95 രൂപയായി. വർഷാവർഷം സെപ്റ്റംബർ ഒന്നിനു ടോൾനിരക്ക് വർധിപ്പിക്കും. ഓരോ വർഷം കഴിയുന്പോഴും അമിത ലാഭമാണു കരാർ കന്പനിക്കു ലഭിക്കുന്നത്.
സാധാരണക്കാരന്റെ വിജയം: ഷാജി കോടങ്കണ്ടത്ത്
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞതു സാധാരണക്കാരന്റെ വിജയമെന്ന് ഹർജി നൽകിയ കെപിസിസി സെക്രട്ടറികൂടിയായ അഡ്വ. ഷാജി കോടങ്കണ്ടത്ത്.
ഹൈക്കോടതി ഉത്തരവിൽ സന്തോഷമുണ്ട്. യാതൊരു അടിസ്ഥാനസൗകര്യങ്ങളും ഒരുക്കാതെ കരാർ കന്പനി കോടതിയെപ്പോലും വെല്ലുവിളിക്കുകയായിരുന്നു. ഒരു മാസത്തേക്കെങ്കിലും ടോൾപിരിവ് നിർത്തിവയ്പിക്കാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടോൾ പിരിവ് നീട്ടിയാൽ നിയമനടപടി: അഡ്വ. ജോസഫ് ടാജറ്റ്
തൃശൂർ: ഹൈക്കോടതിവിധിയെത്തുടർന്നു നിർത്തലാക്കിയ ടോൾപിരിവ് കാലയളവ് ദേശീയപാതാ അഥോറിറ്റിയോ സംസ്ഥാന സർക്കാരോ ഇടപെട്ടു പിന്നീടു നീട്ടിനൽകിയാൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്.
പ്രളയസമയത്തും കോവിഡ് കാലത്തും ടോൾപിരിവ് നിർത്തിവച്ചു. ഇതു പിന്നീടു നീട്ടിനൽകി. കോടതിവിധിയിൽ ആശ്വാസമുണ്ട്. പത്തുവർഷമായി കോണ്‍ഗ്രസിന്റെ വിവിധ നേതാക്കൾ നടത്തിയ പോരാട്ടമാണു ഫലം കണ്ടത്.
ഗതാഗതയോഗ്യമല്ലാത്തതിനാൽ ടോൾപിരിവ് നിർത്താനുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് സർക്കാർ ഇടപെട്ട് അട്ടിമറിച്ചു എന്ന ആരോപണം ശരിവയ്ക്കുന്നതാണു കോടതിവിധി.