മെഡിസെപ് കരാറിൽനിന്നു വ്യതിചലിച്ചാൽ ആശുപത്രികൾക്കെതിരേ നടപടി
Thursday, August 7, 2025 2:24 AM IST
തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ടത്തിൽ സാങ്കേതിക യോഗ്യത നേടിയ പൊതുമേഖലാ ഇൻഷ്വറൻസ് കന്പനികളെ മാത്രം രണ്ടാം ഘട്ട ടെൻഡറിംഗ് നടപടികളിൽ പങ്കെടുപ്പിക്കാൻ മന്ത്രിസഭാ ധാരണ.
കരാറിൽനിന്നു വ്യതിചലിക്കുന്ന ആശുപത്രികൾക്കെതിരേ കർശന നടപടി സ്വീകരിക്കുന്ന തരത്തിലുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസിജർ ഇൻഷ്വറൻസ് കന്പനി തയാറാക്കണം. അധിക ബിൽ ഈടാക്കുക തുടങ്ങിയ സ്വകാര്യ ആശുപത്രികളുടെ ചൂഷണം നിയന്ത്രിക്കാൻ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് അഥോറിറ്റിയുടെ സേവനംകൂടി ഉപയോഗപ്പെടുത്താനും തീരുമാനിച്ചു.
നോണ്‍ എംപാനൽഡ് ആശുപത്രികളിലെ അടിയന്തര സാഹചര്യങ്ങളിലെ ചികിത്സകൾക്ക് റീ-ഇംപേഴ്സ്മെന്റ് അനുവദിക്കുന്ന വ്യവസ്ഥയിൽ നിലവിലുള്ള മൂന്നു ചികിത്സകൾ (ഹൃദയാഘാതം, പക്ഷാഘാതം, വാഹനാപകടം) കൂടാതെ 10 ചികിത്സകൂടി ഉൾപ്പെടുത്തും. തുടർച്ചയായി ചികിത്സ തേടേണ്ട ഡയാലിസിസ്, കീമോതെറാപ്പി എന്നിവയ്ക്ക് ഇൻഷ്വറൻസ് പോർട്ടലിൽ ഒറ്റത്തവണ രജിസ്ട്രേഷൻ അനുവദിക്കും.
ഒരേ സമയം സർജിക്കൽ, മെഡിക്കൽ പാക്കേജുകൾക്ക് ഒരുമിച്ച് അംഗീകാരം നൽകും. പ്രീ- പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചെലവ് യഥാക്രമം 3,5 ദിവസത്തിൽ ലഭ്യമാക്കും. ജില്ല, സംസ്ഥാനം, അപ്പലെറ്റ് അഥോറിറ്റി എന്നിങ്ങനെ ത്രിതല പരാതി പരിഹാര സംവിധാനം നിലവിൽ വരും. ഗുണഭോക്താക്കളുടെ വിവരം വേഗത്തിൽ ലഭ്യമാക്കാൻ മെഡിസെപ് കാർഡിൽ ക്യൂആർ കോഡ് സംവിധാനം ഉൾപ്പെടുത്തും.