അത്ലറ്റിക് ഫണ്ട്: അധ്യാപകർ അങ്കലാപ്പിൽ
Thursday, August 7, 2025 2:23 AM IST
വി.എസ്. ഉമേഷ്
കൊച്ചി: കായികമേള നടത്തിപ്പിനായി സ്പെഷൽ ഫീസിനത്തിൽ കുട്ടികളിൽനിന്നു പിരിക്കുന്ന തുക (അത്ലറ്റിക് ഫണ്ട്) പൂർണമായും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അക്കൗണ്ടിലേക്ക് അടയ്ക്കമെന്ന ഉത്തരവ് ഇറങ്ങിയതോടെ അധ്യാപകർ അങ്കലാപ്പിൽ.
മുൻ വർഷങ്ങളിൽ സ്കൂൾതല കായികമേള നടത്തിപ്പിനായി നിലനിർത്തിയിരുന്ന തുകയുൾപ്പെടെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സ്കൂൾ അത്ലറ്റിക് ഫണ്ടിലേക്ക് അടയ്ക്കാനാണു കഴിഞ്ഞ മാസം 28ന് ഇറക്കിയ സർക്കുലറിലെ നിർദേശം. ഇതോടെ സ്കൂൾതല കായികമേള നടത്തിപ്പ് എങ്ങനെയാകുമെന്ന ആശങ്കയിലാണ് അധ്യാപകർ.
കായികമേള നടത്തിപ്പിനായി 9, 10 ക്ലാസുകളിൽനിന്നു 15 രൂപയും ഹയർസെക്കൻഡറി കുട്ടികളിൽനിന്ന് 75 രൂപയുമാണ് പിരിക്കുന്നത്. ഹയർ സെക്കൻഡറി കുട്ടികളിൽനിന്ന് മുന്പ് 50 രൂപയാണു പിരിച്ചിരുന്നത്. 2023ൽ ഇത് 75 രൂപയായി ഉയർത്തി. കൂടുതൽ തുക ഈടാക്കുന്നതിനെതിരേ അന്നു പ്രതിഷേധവും ഉയർന്നിരുന്നു.
ഹയർ സെക്കൻഡറി തലത്തിൽ ഇങ്ങനെ പിരിച്ചെടുക്കുന്ന തുകയിൽ സ്കൂൾതല കായികമേള നടത്തിപ്പിനായി 21 രൂപ വീതം സ്കൂളിൽത്തന്നെ നിലനിർത്തുന്നതായിരുന്നു പതിവ്. സബ്ജില്ലാ വിഹിതമായ 12 രൂപയും ജില്ലാതല വിഹിതമായ 15 രൂപയും സംസ്ഥാനതല കായികമേള നടത്തിപ്പിന്റെ വിഹിതമായ 27 രൂപയും ചേർത്ത് 54 രൂപ മാത്രമായിരുന്നു മുൻ വർഷങ്ങളിൽ വകുപ്പ് അക്കൗണ്ടിലേക്ക് സ്കൂൾ മേധാവിമാർ അടയ്ക്കേണ്ടിയിരുന്നത്.
കുട്ടികളുടെ വിഹിതംകൂടി ഉപയോഗിച്ചാണ് സ്കൂൾതലത്തിൽ കായികമേള നടത്തിയിരുന്നത്. പുതിയ സർക്കുലർ പ്രകാരം സ്വരൂപിച്ച തുകകൾ പൂർണമായും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സ്കൂൾ അത്ലറ്റിക് ഫണ്ട് അക്കൗണ്ടിലേക്ക് എസ്ബിഐ കളക്ട് വഴി ഈ മാസം 15ന് മുന്പായി അടയ്ക്കണം. സർക്കുലർ പ്രകാരം സ്കൂൾതല നടത്തിപ്പിനുള്ള 21 രൂപ തിരികെ ലഭ്യമാകുമോയെന്നു വ്യക്തമല്ല. ഫണ്ട് ലഭിക്കാതിരുന്നാൽ സ്കൂൾതല കായികമേളയുടെ നടത്തിപ്പ് പ്രതിസന്ധിയിലാകും.
സ്കൂൾതല കായികമേളയ്ക്കായി മാറ്റിവച്ചിരുന്ന വിഹിതംകൂടി വകുപ്പിന്റെ അക്കൗണ്ടിലേക്ക് എത്തുന്നതോടെ രണ്ടു കോടിയിലേറെ രൂപയുടെ അധിക വരുമാനം സർക്കാരിനു ലഭിക്കുമെന്നാണ് അനുമാനം.
പണമടച്ച രസീത് അതത് സ്കൂളുകളിൽ സൂക്ഷിക്കാനും ഒരു കോപ്പി ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർ/ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ/ അസിസ്റ്റന്റ് ഡയറക്ടർമാരെ ഏൽപ്പിക്കാനും, ഓഡിറ്റ് ഓഫീസർമാർ ആവശ്യപ്പെടുന്പോൾ രസീത് സമർപ്പിക്കാനും ഉത്തരവിൽ പറയുന്നു.