ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീ കുഞ്ഞിനു ജന്മംനല്കി
Thursday, August 7, 2025 2:23 AM IST
തൃശൂർ: ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ അമ്മയായി കണക്കാക്കപ്പെടുന്ന കെ.കെ. സിമി തൃശൂരിലെ സൈമര്‍ ഹോസ്പിറ്റലില്‍ കുഞ്ഞിനു ജന്മംനല്കി. ജൂണ്‍ 23നു സിസേറിയനിലൂടെയാണു 1.685 കിലോഗ്രാമുള്ള കുഞ്ഞിനു സിമി ജന്മം നല്‍കിയത്.
സൈമറിന്റെ സ്ഥാപകനും മെഡിക്കല്‍ ഡയറക്ടറും ഹൈ റിസ്ക് പ്രസവചികിത്സ, ഫെര്‍ട്ടിലിറ്റി എന്നിവയില്‍ ശ്രദ്ധേയനുമായ ഡോ. ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രസവചികിത്സയ്ക്കു നേതൃത്വം നല്‍കിയത്.
സിമിയുടെ ഉയരം 95 സെന്റീമീറ്ററും (3.1 അടി) ഗര്‍ഭധാരണത്തിനു മുമ്പുള്ള ഭാരം 34 കിലോഗ്രാമും ആയിരുന്നു. ഇതിനുമുമ്പ് ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീ പ്രസവിച്ചതായി രേഖപ്പെടുത്തിയിരുന്നത് 108 സെന്റീമീറ്റര്‍ (3.5 അടി) ഉയരമുള്ള കാമാക്ഷി എന്ന ഇന്ത്യന്‍ വനിതയായിരുന്നു.
സിമിയുടെ ശാരീരികാവസ്ഥ ഗര്‍ഭധാരണത്തിനു വെല്ലുവിളികള്‍ സൃഷ്ടിച്ചിരുന്നു. അപകടസാധ്യത കൂടുതലായതിനാല്‍ ഗര്‍ഭധാരണം തുടരുന്നതില്‍ കേരളത്തിലെ പ്രമുഖ ഗൈനക്കോളജിസ്റ്റുകള്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാൽ, ഗര്‍ഭധാരണം സുരക്ഷിതമാക്കാന്‍ കഴിയുമെന്നു ഡോ. ഗോപിനാഥ് ഉറപ്പുനല്‍കി. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷ ഉറപ്പാക്കാൻ ഡോ. ഗോപിനാഥും സംഘവും പരിചരണപദ്ധതിതന്നെ രൂപവത്കരിച്ചു. തുടർന്നാണു ജൂണിൽ സിമി ആരോഗ്യമുള്ള കുഞ്ഞിനു ജന്മംനല്കിയത്.