എംഎസ്സി എല്‍സ3 അപകടം; സംസ്ഥാനം ചോദിച്ച നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് കപ്പല്‍ കമ്പനി
Thursday, August 7, 2025 2:24 AM IST
കൊച്ചി: എംഎസ്സി എല്‍സ3 കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട 9,531 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് കപ്പല്‍ കമ്പനി ഹൈക്കോടതിയില്‍. തുക യാഥാര്‍ഥ്യബോധത്തോടെയല്ലെന്നും ഭാവനാ സൃഷ്ടിയുടെ അടിസ്ഥാനത്തിലാണെന്നും കപ്പല്‍ കമ്പനി അറിയിച്ചു.
അപകടം നടന്നിട്ടുള്ളതു സംസ്ഥാന സമുദ്രാതിര്‍ത്തിയില്‍നിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ അകലെയായതിനാല്‍ കേരള സര്‍ക്കാരിന് അഡ്മിറാലിറ്റി സ്യൂട്ട് നല്കാന് അധികാരമില്ലെന്നും സ്വിറ്റ്സര്‍ലൻഡ് ആസ്ഥാനമായ മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
കപ്പലപകടം മൂലം കേരളത്തിന്റെ സമുദ്രാതിര്‍ത്തിയിലെ പരിസ്ഥിതിക്കു നഷ്ടമുണ്ടായിട്ടില്ല. അതിനാല്‍, നഷ്ടപരിഹാരം നല്‍കുംവരെ കമ്പനിയുടെ കപ്പല്‍ അറസ്റ്റ് ചെയ്തിടാനുള്ള ഉത്തരവ് അധികാരപരിധി ലംഘിച്ചുള്ളതാണ്. മാത്രമല്ല, മുങ്ങിയ കപ്പലിന്റെയും ഇപ്പോള്‍ വിഴിഞ്ഞം തുറമുഖത്ത് അറസ്റ്റ് ചെയ്തിട്ടിരിക്കുന്ന എംഎസ്സി അക്കിറ്റെറ്റാറ്റ 2 എന്ന കപ്പലിന്റെയും ഉടമകള്‍ വ്യത്യസ്തരാണ്. കപ്പല്‍ അറസ്റ്റ് ചെയ്ത ഉത്തരവ് നീക്കണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.
അന്താരാഷ്ട്ര നിയമമനുസരിച്ച് രാജ്യത്തിന്റെ സമുദ്ര പരിസ്ഥിതി സംരക്ഷണവും മലിനീകരണ നിയന്ത്രണവുമെല്ലാം കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിധിയിലായതിനാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിലവിലെ അഡ്മിറാലിറ്റി സ്യൂട്ട് നിലനില്‍ക്കുന്നതല്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
കപ്പലിലുണ്ടായിരുന്ന 643 കണ്ടെയ്നറുകളില്‍ അപകടകരമായ സാധനങ്ങള്‍ അടങ്ങുന്ന 13 എണ്ണമാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒന്നുപോലും കടലില്‍ വീണതായി കണ്ടെത്തിയിട്ടില്ല. അതിനാല്‍, സമുദ്രത്തില്‍ രാസഘടകങ്ങള്‍ അലിഞ്ഞുചേര്ന്നുവെന്ന വാദത്തിന് അടിസ്ഥാനമില്ല.
വെള്ളത്തില്‍ വീണ പ്ലാസ്റ്റിക് ഉരുളകള്‍ കമ്പനി നിയോഗിച്ച സംഘങ്ങള്‍തന്നെ നീക്കം ചെയ്തു. ഉദ്യോഗസ്ഥരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ അഡ്മിറാലിറ്റി സ്യൂട്ട് നിലനില്‍ക്കില്ലെന്നും തള്ളണമെന്നുമാണ് ആവശ്യം.