മുനമ്പം സമരം നാളെ 300-ാം ദിവസത്തിലേക്ക്
Thursday, August 7, 2025 2:24 AM IST
കൊച്ചി: തങ്ങളുടെ വീടുകൾ ഉൾപ്പെടുന്ന ഭൂമിയുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി മുനമ്പം ജനത നടത്തുന്ന സമരം നാളെ 300-ാം ദിവസത്തിലേക്ക്.
ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചെറായി -മുനമ്പം നിവാസികൾ ബീച്ച് വേളാങ്കണ്ണി മാതാ പള്ളിയങ്കണത്തിൽ 2024 ഒക്ടോബർ 13 മുതൽ നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാരസമരത്തെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ പിന്തുണച്ചു.
മുനന്പം, ചെറായി മേഖലകളിലെ 600 ഓളം കുടുംബങ്ങളാണു തങ്ങളുടെ ഭൂമിയിലുള്ള വഖഫ് അവകാശവാദത്തെത്തുടർന്ന് കുടിയിറക്കുഭീഷണി നേരിടുന്നത്. മാസങ്ങളായി സമരമുഖത്ത് തുടരുന്ന പ്രദേശവാസികളുടെ പ്രതിസന്ധികള്‍ക്ക് ഇനിയും പരിഹാരമാകാത്തതിൽ പ്രതിഷേധം ശക്തമാണ്.
വിഷയം പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വഖഫ് നിയമഭേദഗതി ബിൽ പാസായതോടെ മുനന്പം വിഷയത്തിൽ പരിഹാരം രൂപപ്പെടുമെന്നു പ്രചാരണമുണ്ടായെങ്കിലും, പ്രദേശവാസികൾ നിരാശരാണ്.
വഖഫ് അവകാശവാദത്തെത്തുടർന്ന് ഭൂനികുതി അടയ്ക്കുന്നതിനുൾപ്പെടെ പ്രദേശവാസികൾക്ക് അനുവാദമില്ല. തങ്ങളുടെ പേരിലുള്ള ഭൂമിയുടെ ക്രയവിക്രയങ്ങളും നടക്കുന്നില്ലെന്നതു വലിയ പ്രതിസന്ധിയാണു സൃഷ്ടിച്ചിട്ടുള്ളതെന്ന് നാട്ടുകാർ പറയുന്നു. മത്സ്യത്തൊഴിലാളികളും സാധാരണക്കാരുമാണ് ഭൂപ്രശ്നത്തിൽ ദുരിതമനുഭവിക്കുന്നവരിൽ ഏറെപ്പേരും.
പരിഹാരമാകുംവരെ സമരം
മുനന്പം നിവാസികൾ അനുഭവിക്കുന്ന ദുരിതങ്ങളിൽനിന്നു മോചനം നേടുംവരെ സഹന സമരം തുടരുമെന്നു ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ പറഞ്ഞു.
പ്രതികൂല സാഹചര്യങ്ങൾക്കിടയിലും കക്ഷിരാഷ്ട്രീയത്തിനതീതമായി മുനമ്പം തീരദേശവാസികളുടെ അചഞ്ചലമായ നിശ്ചയദാർഢ്യംകൊണ്ടാണു സമരം ഇത്രനാൾ പിന്നിട്ടതെന്നും അദ്ദേഹം പറഞ്ഞു.