രാജ്യസ്നേഹത്തിന് നിറമുള്ള മുദ്ര; ദീപിക കളർ ഇന്ത്യ മത്സരം നാളെ
Thursday, August 7, 2025 2:24 AM IST
കോട്ടയം: ഇന്ത്യ എന്ന വികാരം ഹൃദയതാളമായി മാറുന്ന ദീപിക കളർ ഇന്ത്യ മത്സരം നാളെ. രാജ്യസ്നേഹത്തിൽ കുട്ടികൾ രചിക്കുന്ന പുതുചരിത്രത്തിനു നാളെ രാജ്യം സാക്ഷ്യം വഹിക്കും.
ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദീപിക നടത്തുന്ന കളർ ഇന്ത്യ സീസൺ ഫോർ മത്സരത്തിൽ രാജ്യമെന്പാടുംനിന്ന് പത്തു ലക്ഷത്തോളം വിദ്യാർഥികൾ നിറം ചാർത്തും. പുതുതലമുറയിൽ ദേശഭക്തിയും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന ദേശീയോദ്ഗ്രഥന മുന്നേറ്റത്തിനാണ് കുട്ടികൾ വർണം ചാർത്തുന്നത്.
എൽകെജി മുതൽ പ്ലസ് ടുവരെയുള്ള കുട്ടികളാണ് വിവിധ വിഭാഗത്തിലായി ഈ ദേശീയതല വർണോത്സവത്തിൽ അണിചേരുന്നത്. സീസൺ ഫോറിൽ എത്തിയപ്പോൾ രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ കുട്ടികൾ അണിചേരുന്ന കളറിംഗ് മത്സരങ്ങളിലൊന്നായി ദീപിക കളർ ഇന്ത്യ മാറിക്കഴിഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിനു സ്കൂളുകളിൽ മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മത്സരത്തിനു മുന്നോടിയായി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കളർ ഇന്ത്യ മത്സരത്തിനായി ഒരുക്കിയ ദേശഭക്തിഗാനം കുട്ടികൾ ആലപിക്കും. ദേശഭക്തി ഗാനത്തിനൊപ്പം നൃത്തച്ചുവടുകളൊരുക്കിയും വിദ്യാർഥികൾ പങ്കുചേരും.
ലഹരിക്കെതിരേയുള്ള പോരാട്ടവും ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കാനുള്ള സന്ദേശവും കുട്ടികള്‍ക്കു പകര്ന്നുനല്കാൻ ലക്ഷ്യമിട്ടാണ് ദീപികയും ദീപിക ബാലസഖ്യവും കൈകോർത്ത് കളർ ഇന്ത്യ മത്സരം സംഘടിപ്പിക്കുന്നത്.
മത്സരത്തിൽ പങ്കുചേരുന്ന എല്ലാവർക്കും പ്രശസ്ത സിനിമാതാരം മഞ്ജു വാര്യരുടെ കൈയൊപ്പുള്ള സർട്ടിഫിക്കറ്റുകൾ നൽകും.