അത്ലറ്റിക് അസോസിയേഷൻ എന്തിന് ?
Monday, August 18, 2025 11:50 PM IST
തിരുവനന്തപുരം: ദേശീയ സീനിയർ അത്ലറ്റിക് മീറ്റിൽ സംസ്ഥാനത്തു നിന്നുള്ള താരങ്ങളിൽ ആരെങ്കിലും പങ്കെടുക്കണമെങ്കിൽ അവർ സ്വന്തമായി ട്രെയിൻ ടിക്കറ്റ് എടുത്ത് താമസസ്ഥലവും കണ്ടെത്തി പോകണം.
നാളെ മുതൽ ചെന്നെെയിൽ നടക്കുന്ന 64-ാമത് ഇന്റർ സ്റ്റേറ്റ് അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാനായി യോഗ്യത നേടിയവർക്ക് കേരളാ സ്റ്റേറ്റ് അത്ലറ്റിക് അസോസിയേഷൻ നല്കിയ അറിയിപ്പ് പ്രകാരം മത്സരാർഥികൾ ഓരോരുത്തരും സ്വന്തമായി യാത്രാ ക്രമീകരണങ്ങളും താമസസൗകര്യങ്ങളും കണ്ടെത്തണം.
41 പേരടങ്ങുന്ന കേരളാ ടീമിൽ പകുതിയോളം പെണ്‍കുട്ടികളാണ്. രണ്ടു വർഷം മുന്‍പ് വരെ മത്സരാർഥികളെ ഒരു ടീമാക്കി മാനേജർ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ നല്‍കിയായിരുന്നു വിട്ടിരുന്നത്. എന്നാൽ, കഴിഞ്ഞ തവണ മുതൽ താരങ്ങൾ സ്വന്തമായി താമസസ്ഥലവും ട്രെയിൻ യാത്രാ സൗകര്യങ്ങളും ക്രമീകരിക്കണമെന്ന നിർദേശമാണ് നല്‍കിയിരിക്കുന്നത്.
പെണ്‍കുട്ടികൾ ഉൾപ്പെടെയുള്ള മത്സരാർഥികൾ താമസസ്ഥലം അന്വേഷിച്ച് നടക്കേണ്ട ദുരവസ്ഥയാണ് ഇത് സമ്മാനിക്കുന്നത്. ട്രെയിനുകളിൽ റിസർവേഷൻ സൗകര്യങ്ങൾ ലഭിക്കാനുള്ള സാധ്യതയുമില്ല. എമർജൻസി ക്വാട്ടയിൽ ടിക്കറ്റെടുക്കാനുള്ള നിർദേശവും നല്‍കിയിട്ടുണ്ട്.
സൗകര്യങ്ങൾ ഒരുക്കേണ്ട അത്ലറ്റിക് അസോസിയേഷന്റെ ഇത്തരത്തിലുള്ള നിലപാടിനെതിരേ വ്യാപക വിമർശനമാണ് ഉയരുന്നത്. അസോസിയേഷനു സാന്പത്തിക പ്രയാസമാണെങ്കിൽ മത്സരത്തിനു യോഗ്യത നേടിയ താരങ്ങളിൽനിന്നും ഫണ്ട് ശേഖരിച്ച് ടീമിനെ ഒരുമിച്ച് കൊണ്ടുപോയി ഇവർക്കുവേണ്ട താമസക്രമീകരണങ്ങൾ ഉൾപ്പെടെ നല്‍കണമെന്നായിരുന്നു പൊതു ആവശ്യം.
മത്സവേദിക്കു സമീപത്തുള്ള ഹോട്ടലുകളുടെ നന്പരുകൾ മാത്രം നല്കി സ്വന്തമായി വിളിച്ച് താമസ ക്രമീകരണം സജ്ജീകരിക്കാനാണ് താരങ്ങൾക്ക് നല്കിയ നിർദേശം.