രാജ്യത്തെ പണപ്പെരുപ്പ നിരക്ക് എട്ടു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ
Tuesday, August 12, 2025 11:26 PM IST
മുംബൈ: രാജ്യത്തെ പണപ്പെരുപ്പം എട്ടുവർഷത്തേ ഏറ്റവും താഴ്ന്ന നിലയിലെന്ന് റിപ്പോർട്ട്. രാജ്യത്തെ വിലക്കയറ്റത്തോത് 2025 ജൂലൈയിലെ കണക്കുകൾ അനുസരിച്ച് 1.55 ശതമാനമാണ്.
ജൂണിലെ 2.10 ശതമാനത്തിൽനിന്ന് 2017 ജൂണിനുശേഷമുള്ള ഏറ്റവും താഴ്ചയായ 1.55 ശതമാനമായാണ് പണപ്പെരുപ്പം അഥവാ ചില്ലറ വിലക്കയറ്റത്തോത് കുറഞ്ഞതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം വ്യക്തമാക്കി. നഗരങ്ങളിലെ പണപ്പെരുപ്പം 2.56ൽനിന്ന് 2.05 ശതമാനത്തിലേക്കും ഗ്രാമങ്ങളിലേത് 1.72ൽനിന്ന് 1.18 ശതമാനത്തിലേക്കും കുറഞ്ഞതും നേട്ടമായി.
രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റ തോതുള്ള സംസ്ഥാനം കേരളമാണ്. ജൂണിലെ 6.71 ശതമാനത്തിൽനിന്ന് 8.89 ശതമാനത്തിലേക്കാണ് കേരളത്തിലെ പണപ്പെരുപ്പ നിരക്ക് കുതിച്ചുകയറിയത്. ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പമാണ് കേരളത്തിനു തിരിച്ചടിയായത്.
ജൂണിൽ 7.31 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്ക് ജൂലൈയിൽ 10.02 എന്ന നിലയിൽ കുത്തനെ ഉയർന്നു. നഗരങ്ങളിലേത് 5.69ൽനിന്ന് 6.77 ശതമാനവുമായി ഉയർന്നു. തുടർച്ചയായി ഏഴാം മാസമാണ് പണപ്പെരുപ്പ നിരക്ക് ഏറ്റവും ഉയർന്ന സംസ്ഥാനമായി കേരളം നിൽക്കുന്നത്.