ലൈഫ് ഇന്‍ഷ്വറന്‍സ് പ്രീമിയങ്ങളില്‍ 22.4 ശതമാനം വളർച്ച
Monday, August 18, 2025 1:10 AM IST
കൊച്ചി: ലൈഫ് ഇൻഷ്വറൻസിൽ പുതിയ ബിസിനസ് പ്രീമിയങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 22.42 ശതമാനം വളര്‍ച്ച നേടി. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് ഉണ്ടായിരുന്ന 31,822.69 കോടിയുടെ ബിസിനസ് പ്രീമിയങ്ങള്‍, 2025 ജൂലൈയില്‍ 38,958.05 കോടിയായി ഉയര്‍ന്നതായി ലൈഫ് ഇന്‍ഷ്വറന്‍സ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
വര്‍ഷാരംഭം മുതല്‍ മൊത്തം പ്രീമിയം വരുമാനം 9.01 ശതമാനം ഉയര്‍ന്ന് 1,32,502.63 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,21,549.39 കോടി രൂപയായിരുന്നു. വ്യക്തിഗത സിംഗിള്‍ പ്രീമിയം വിഭാഗം ജൂലൈയില്‍ 19.44 ശതമാനം വളര്‍ച്ച നേടി 5,506.81 കോടി രൂപയായി. വൈടിഡി വളര്‍ച്ച 14.09 ശതമാനമായി. വ്യക്തിഗത നോണ്‍-സിംഗിള്‍ പ്രീമിയങ്ങള്‍ 9.60 ശതമാനം ഉയര്‍ന്ന് 10,051.05 കോടി രൂപയായിട്ടുണ്ട്.
പുതിയ ഉപയോക്താക്കളിലേക്കുള്ള വ്യാപന ശ്രമങ്ങളും ഡിജിറ്റൈസേഷന് നടപടികളും വളര്‍ച്ചയ്ക്കു പ്രധാന കാരണങ്ങളാണെന്നു വ്യവസായ വിദഗ്ധര്‍ പറയുന്നു.