വൃക്ഷശിഖരം ഒടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു
Tuesday, July 29, 2025 2:45 AM IST
തിരുവല്ല: വീടിന്റെ മുറത്തു നിന്നിരുന്ന വൃക്ഷശിഖരം ഒടിഞ്ഞുവീണു വീട്ടമ്മ മരിച്ചു. തിരുവല്ല കുറ്റൂർ താമരക്കുളം വടക്കേ മരപ്പാംകുഴിയിൽ പരേതനായ ഉണ്ണിയുടെ ഭാര്യ വൽസലകുമാരിയാണു (65) മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.45നായിരുന്നു അപകടം. ശക്തമായ കാറ്റിനെത്തുടർന്നു വീടിന്റെ മുറ്റത്തിനു സമീപം നിന്നിരുന്ന മാവ് തൊട്ടു സമീപത്തുള്ള പ്ലാവിലേക്കു കടപുഴകുകയും ശിഖരം ഒടിഞ്ഞ് മുറ്റത്തുനിൽക്കുകയായിരുന്ന വത്സലകുമാരിയുടെ തലയിലേക്ക് വീഴുകയുമായിരുന്നു.
ഉടൻ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്. മക്കൾ: സനൽകുമാർ (ഷാർജ), നിത. മരുമകൾ: സിന്ധു.