പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികൾക്ക് കാൻസർ പ്രതിരോധ വാക്സിൻ
Tuesday, July 29, 2025 12:11 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായി പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികൾക്ക് എച്ച്പിവി വാക്സിനേഷൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒരാഴ്ചയ്ക്കകം ടെക്നിക്കൽ കമ്മിറ്റി യോഗം ചേർന്ന് വാക്സിൻ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
സ്ത്രീകളെ ഏറ്റവും അധികം ബാധിക്കുന്ന കാൻസറുകളിലൊന്നാണ് ഗർഭാശയഗള കാൻസർ. 9 മുതൽ 14 വയസുവരെയാണ് എച്ച്പിവി വാക്സിൻ ഏറ്റവും ഫലപ്രദം. അതേസമയം 26 വയസുവരെ എച്ച്പിവി വാക്സിൻ നൽകാം.
വാക്സിൻ കൊണ്ട് പ്രതിരോധിക്കാൻ സാധിക്കുന്നതാണ് ഗർഭാശയഗള കാൻസർ. ഇത് മുന്നിൽ കണ്ടാണ് മുഖ്യമന്ത്രിയുടെ നിർദേശാനുസരണം സംസ്ഥാനം സുപ്രധാന തീരുമാനം എടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
ഗർഭാശയഗള കാൻസർ മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാനായി സംസ്ഥാനം വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. എച്ച്പിവി വാക്സിനേഷൻ സംബന്ധിച്ച അവബോധ കാമ്പയിനും സംഘടിപ്പിക്കും.
ടെക്നിക്കൽ കമ്മിറ്റിയുടെ മാർഗനിർദേശമനുസരിച്ചായിരിക്കും അവബോധ സന്ദേശങ്ങൾ തയാറാക്കുക. പ്ലസ് വൺ, പ്ലസ് ടു തലത്തിലെ കുട്ടികളായതിനാൽ സ്കൂൾ തലത്തിൽ പ്രത്യേക അവബോധം നൽകും. ഇതോടൊപ്പം രക്ഷാകർത്താക്കൾക്കും അവബോധം നൽകും.
കാൻസർ പ്രതിരോധത്തിന്റെ ഭാഗമായി ‘ആരോഗ്യം ആനന്ദം, അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ കാമ്പയിൻ ആരംഭിച്ചു.