ചരക്കുകപ്പൽ ദുരന്തം: നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് ഗ്രീൻപീസ് ഇന്ത്യ
Tuesday, July 29, 2025 12:11 AM IST
തിരുവനന്തപുരം: ചരക്കുകപ്പൽ ദുരന്തം നടന്നിട്ടു മാസങ്ങൾ ഏറെയായിയിട്ടും നഷ്ടപരിഹാരം ഉറപ്പുവരുത്താൻ ബന്ധപ്പെട്ടവർക്കു കഴിയുന്നില്ലെന്നു ഗ്രീൻപീസ് ഇന്ത്യ.
ഇക്കാര്യത്തിൽ മെഡിറ്ററേനിയൻ ഷിപ്പിംഗ് കന്പനി (എംഎസ്സി) നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കപ്പൽഛേദത്തിന്റെ പാരിസ്ഥിതിക-സാമൂഹ്യ-സാന്പത്തിക പ്രത്യാഘാതങ്ങൾ വിശദമാക്കുന്ന ധവളപത്രം പുറത്തിറക്കി.
മേയ് മാസം 25നു കൊച്ചി തീരത്തുനിന്നു 14.6 നോട്ടിക്കൽ മൈൽ അകലെ സംഭവിച്ച കപ്പൽഛേദത്തിന്റെ പ്രത്യാഘാതങ്ങളെ സംബന്ധിച്ചു ധവളപത്രത്തിൽ വിശദമാക്കുന്നുണ്ട്.
പാരിസ്ഥിതികവും സാമൂഹികവുമായ ആഘാതത്തെ ശരിയായി വിലയിരുത്താനും നാശനഷ്ടത്തിന് ആനുപാതികമായി സമഗ്രമായ നഷ്ടപരിഹാര പാക്കേജ് പുറത്തിറക്കാനും മെഡിറ്ററേനിയൻ ഷിപ്പിംഗ് കന്പനിയോട് ധവളപത്രം ആവശ്യപ്പെടുന്നു. എംഎസ്സി കന്പനി ഉത്തരവാദിത്വം നിഷേധിക്കുകയും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 9,531 കോടി രൂപയുടെ നഷ്ടപരിഹാരം നൽകാൻ വിസമ്മതിക്കുകയും ചെയ്ത സാഹചര്യമാണുള്ളത്.
ഇക്കാര്യത്തിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ സ്വാഗതാർഹമാണ്. നഷ്ടപരിഹാരം ലഭ്യമാക്കാൻ ആവശ്യമായ നിയമനടപടികളുമായി സർക്കാർ മുന്നോട്ടു പോകണം. കപ്പലിൽനിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രജീവികൾക്കും ജൈവവൈവിധ്യത്തിനും ഭീഷണിയാണ്.
പവിഴപ്പുറ്റുകൾ, കടൽപ്പുല്ല്, കണ്ടൽക്കാടുകൾ, മത്സ്യങ്ങളുടെ തീറ്റകേന്ദ്രങ്ങൾ തുടങ്ങിയ ആവാസവ്യവസ്ഥകൾക്ക് സ്ഥിരമായ നാശമുണ്ടാക്കുമെന്നും ഇതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കപ്പൽക്കന്പനിയെ അനുവദിക്കരുതെന്നും ധവളപത്രത്തിലൂടെ ഗ്രീൻപീസ് ഇന്ത്യ ആവശ്യപ്പെടുന്നു.
തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോണ്. യൂജിൻ എച്ച്. പെരേര, ഗ്രീൻപീസ് ഇന്ത്യ ക്യാന്പയിനർ അമൃത എസ്. നായിക്, മീഡിയ ഓഫീസർ നിബേദിത സാഹ, ഗ്രീൻപീസ് ഇന്ത്യ പ്രതിനിധി ആകിസ് ഫാറൂഖ് എന്നിവർ ധവളപത്രം പുറത്തിറക്കുന്ന ചടങ്ങിൽ പങ്കെടുത്തു.