ഞങ്ങളുടെ മകളോട് എന്തിനാണിങ്ങനെ...? ; വാക്കുകൾ ഇടറി സിസ്റ്റര്‍ പ്രീതിയുടെ മാതാപിതാക്കള്‍
Tuesday, July 29, 2025 2:45 AM IST
സിജോ പൈനാടത്ത്
കൊച്ചി: ""ഓരോ തവണയും നാട്ടില്‍ വന്നു മടങ്ങുമ്പോള്‍ വലിയ സഞ്ചി നിറയെ വസ്ത്രങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങളും മോള് കരുതിവയ്ക്കും. വീട്ടില്‍നിന്നും അയല്പക്കങ്ങളിലെ വീടുകളില്‍നിന്നുമെല്ലാം അവള് ഇത്തരം സാധനങ്ങള്‍ ശേഖരിക്കും. എന്തിനാണ് നീ ഈ പണി ചെയ്യുന്നത് എന്ന് ചോദിക്കുമ്പോള്‍ ഇതെല്ലാം ആവശ്യമുള്ള ഒരുപാട് പാവങ്ങള്‍ ഞാന്‍ പോകുന്നിടത്തുണ്ട് എന്നാണു മറുപടി.’’
‘ഛത്തീസ്ഗഡില്‍ അന്യായമായ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട മലയാളിയായ സിസ്റ്റര്‍ പ്രീതി മേരിയുടെ പിതാവ് വര്‍ക്കി മകളെക്കുറിച്ചു പറയുമ്പോള്‍ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. ""വീടിനെയും നാടിനെയും വിട്ട് പാവങ്ങള്‍ക്കുവേണ്ടി മാത്രം ജീവിക്കുന്ന എന്റെ മോളോട് എന്തിനാണ് വര്‍ഗീയ വാദികള്‍ ഈ അതിക്രമം കാട്ടുന്നത്...! ’’ ഒപ്പമുണ്ടായിരുന്ന രോഗിയായ ഭാര്യ മേരിക്കും സങ്കടം അടക്കാനായില്ല.
അങ്കമാലി എളവൂര്‍ കുന്നേല്‍ പള്ളി ഇടവകയില്‍ മാളിയേക്കല്‍ കുടുംബാംഗമാണു സിസ്റ്റര്‍ പ്രീതി. വര്‍ക്കിയുടെയും മേരിയുടെയും ഏഴുമക്കളില്‍ മൂത്തയാള്‍. കുഞ്ഞുനാള് മുതല്‍ പാവങ്ങളോടുള്ള കരുതലും സ്നേഹവും ജീവിതത്തിന്റെ ഭാഗമാക്കി. സഹോദരി സിസ്റ്റര്‍ ഷൈനിയും മിഷന് പ്രവര്‍ത്തനത്തിലുണ്ട്.
ഗ്രീന്‍ ഗാര്ഡന് സന്യാസിനീ സഭയുടെ മിഷന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 20 വര്‍ഷത്തിലധികമായി ഉത്തരേന്ത്യയിലാണ് സിസ്റ്റര്‍ പ്രീതിയുടെ സേവനം. ബിഎസ്സി നഴ്സിംഗ് ബിരുദധാരിയായ സിസ്റ്റര്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ മെഡിക്കല്‍, സാമൂഹ്യ സേവനരംഗങ്ങളില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്നു. ‘ ഞങ്ങളുടെസിസ്റ്റര്ക്കു നീതി കിട്ടണം ’-സിസ്റ്റര്‍ പ്രീതിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ഒരേ സ്വരത്തില്‍ പറയുന്നു.