മതസ്വാതന്ത്ര്യം അപകടത്തിൽ: കെസിബിസി ജാഗ്രതാ കമ്മീഷൻ
Tuesday, July 29, 2025 2:45 AM IST
കൊച്ചി: ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് സന്യാസിനിമാരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ കെസിബിസി ജാഗ്രതാ കമ്മീഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഈ ദൗർഭാഗ്യകരമായ സംഭവം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കും മിഷനറിമാർക്കും നേരേയുള്ള വർധിച്ചുവരുന്ന ശത്രുതാപരമായ സമീപനത്തിന്റെ ഭാഗമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. തീവ്രവാദ ഗ്രൂപ്പുകൾ മതപരിവർത്തന നിരോധന നിയമങ്ങളെ ആയുധമാക്കുന്നത് നീതിയല്ല. ഇത് രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് ഗുരുതരമായ ഭീഷണിയാണ്.
കത്തോലിക്കാ മിഷനറിമാർ നിർബന്ധിത മതപരിവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക ക്ഷേമ മേഖലകളിലെ സഭയുടെ സേവനങ്ങൾ കാരുണ്യത്തിലും പൊതുനന്മയിലുമുള്ള പ്രതിബദ്ധതയിലൂന്നിയതാണ്.
മതം തെരഞ്ഞെടുക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിൽ പറയുന്ന മൗലികാവകാശമാണ്. ഈ അവകാശത്തെ ക്രിമിനൽവത്കരിക്കാനോ അടിച്ചമർത്താനോ ഉള്ള ഏതൊരു ശ്രമവും ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്നും, ഇന്ത്യയുടെ മതേതര ജനാധിപത്യ തത്വങ്ങളെ ഇത് ദുർബലപ്പെടുത്തുമെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.