മന്ത്രി ശിവൻകുട്ടിക്കുള്ള സിസ്റ്ററിന്റെ മറുപടി വൈറലാകുന്നു
Tuesday, July 29, 2025 2:45 AM IST
കോട്ടയം: ഛത്തീസ്ഗഡിൽ രണ്ടു മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ മന്ത്രി വി. ശിവൻകുട്ടി നടത്തിയ വിമർശനത്തിന് മറുപടി നല്കിയ വോയ്സ് ഓഫ് നൺസ് പിആർഒ സിസ്റ്റർ അഡ്വ. ജോസിയ എസ്ഡിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
പോസ്റ്റിന്റെ പൂർണരൂപം:
ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ. വി. ശിവൻകുട്ടിക്ക്,
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ അങ്ങ് മാധ്യമങ്ങൾക്കു മുന്നിൽ നടത്തിയ വൈകാരികമായ പ്രതികരണങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഞങ്ങളുടെ സഹപ്രവർത്തകർക്ക് വേണ്ടിയുള്ള അങ്ങയുടെ ഈ കരുതൽ തീർച്ചയായും സന്തോഷം നൽകുന്ന ഒന്നാണ്. കേരളത്തിലെ രണ്ട് കന്യാസ്ത്രീമാരുടെ അറസ്റ്റിൽ അങ്ങേക്കുണ്ടായ വിഷമം ഞങ്ങൾക്ക് ആശ്വാസം നൽകുന്നുണ്ട്, ഒപ്പം ഒരു ചെറിയ സംശയവുമുണ്ട്.
നാടകങ്ങളിലൂടെയും സിനിമകളിലൂടെയും കന്യാസ്ത്രീകളുടെ ഉടുതുണി അഴിച്ചുമാറ്റി ആക്ഷേപിക്കാൻ നാടകശാലകൾ ഒരുക്കിയപ്പോഴും, സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറിമാർ അതിനു വേദികൾ ഒരുക്കിയപ്പോഴും ഈ കന്യാസ്ത്രീസ്നേഹം എവിടെയായിരുന്നു? യൂട്യൂബ് ചാനലുകളിൽ സമർപ്പിതർക്കെതിരേ വൃത്തികെട്ട കഥകൾ വിളമ്പി നടന്നവരെ തടയാൻ അങ്ങയുടെ സംവിധാനങ്ങൾക്കു കഴിഞ്ഞോ? അതൊക്കെ ഞങ്ങൾ തത്കാലം മറക്കുന്നു, പോട്ടെ.
ഇപ്പോൾ അങ്ങ് പറഞ്ഞ ചില വാചകങ്ങൾ - പ്രത്യേകിച്ചും ബിഷപ്പുമാർക്കെതിരേയുള്ള വിമർശനം - കഴിഞ്ഞ ദിവസങ്ങളിൽ അഭിവന്ദ്യ പിതാക്കന്മാരും കത്തോലിക്കാ സഭയും നടത്തിയ ഇടപെടലുകളെയും അധ്വാനങ്ങളെയും കുറിച്ച് അങ്ങ് അറിയാതെ പോയതിനാലാണ്.സിബിസിഐ എന്നാൽ, കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ എന്നാണ്.
മലയാളത്തിൽ,"ഭാരത കത്തോലിക്കാ മെത്രാൻ സമിതി' എന്ന് പറയാം. ഇനി കെസിബിസി ആണെങ്കിൽ, കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ അഥവാ"കേരള കത്തോലിക്കാ മെത്രാൻ സമിതി’ എന്നാണ്. ഈ സമിതികളും അതിലെ അംഗങ്ങളും ഈ വിഷയത്തിൽ വളരെ സജീവമായി ഇടപെട്ടിരുന്നു, ഇടപെട്ടുകൊണ്ടിരിക്കുന്നു. അതിന്റെ പത്രക്കുറിപ്പുകളും മറ്റ് തെളിവുകളും ഇതോടൊപ്പം പോസ്റ്റ് ചെയ്യുന്നു. ക്ഷമിക്കണം, അത് ഇംഗ്ലീഷിലാണ്.
""ദീപികയിൽ എഡിറ്റോറിയൽ എഴുതിയിട്ട് അരമനയിൽ ഒതുങ്ങിയിരുന്ന് പ്രാർഥിക്കുന്നവരാണ് പിതാക്കന്മാർ’’ എന്ന് അങ്ങു പറഞ്ഞല്ലോ. ഒന്നാമത്തെ കാര്യം, ദീപികയിൽ എഡിറ്റോറിയൽ എഴുതുന്നത് പിതാക്കന്മാർ അല്ല സർ. അവർ സഭയുടെ തലവന്മാരാണ്, അല്ലാതെ പത്രപ്രവർത്തകരല്ല. ഒരു കാര്യം കൂടി, അങ്ങു പറഞ്ഞതുപോലെ എല്ലാ തിരുമേനിമാർക്കും അവരുടെ സ്ഥാനം ഉറപ്പിക്കലാണു പ്രധാനമെങ്കിൽ, അവർക്ക് ഇങ്ങനെയുള്ള വിഷയങ്ങളിൽ ഇടപെടാതെ സ്വസ്ഥമായി ഇരിക്കാമായിരുന്നു. എന്നാൽ, അവർ അങ്ങനെ ചെയ്യാതെ, ഞങ്ങളുടെ സഹപ്രവർത്തകർക്കുവേണ്ടി ശബ്ദമുയർത്തുകയും ഇടപെടലുകൾ നടത്തുകയും ചെയ്യുന്നു. അത് അവരുടെ ഉത്തരവാദിത്വബോധം കൊണ്ടാണ്.
പ്രധാനമന്ത്രിമാരോടു പരാതി പറയാനുള്ള ധൈര്യംപോലും തിരുമേനിമാർ കാണിക്കുന്നില്ല എന്ന അങ്ങയുടെ പ്രസ്താവനയും വസ്തുതാപരമല്ല. പല സന്ദർഭങ്ങളിലും സഭയുടെ നേതൃത്വം സർക്കാരുകളുമായി ക്രിയാത്മകമായ സംഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ, പരസ്യമായ ഏറ്റുമുട്ടലുകളേക്കാൾ ഫലപ്രദമായ മാർഗങ്ങളിലൂടെ പ്രശ്നപരിഹാരം കാണാനാണു സഭ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
“എല്ലാ നിയമങ്ങളും ഭരണഘടനയിൽ പറയുന്ന കാര്യങ്ങളും കാറ്റിൽ പറത്തിക്കൊണ്ടാണല്ലോ ബജ്രംഗ്ദൾ പിന്തുണയോടെ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തുകൊണ്ട് പോയത്” എന്ന അങ്ങയുടെ പരാമർശം ഞങ്ങളും ഗൗരവത്തോടെയാണ് കാണുന്നത്. ഈ അനീതിക്കെതിരേ നിയമപരമായും അല്ലാതെയും പ്രതികരിക്കാൻ സഭ പ്രതിജ്ഞാബദ്ധമാണ്.
ഈ വിഷയത്തിൽ അങ്ങയുടെ സദുദ്ദേശ്യത്തെ ഞങ്ങൾ മാനിക്കുന്നു. എന്നാൽ, കാര്യങ്ങൾ കൃത്യമായി മനസിലാക്കിയ ശേഷം ഒരു പ്രസ്താവന നടത്തുന്നത് കൂടുതൽ ഉചിതമായിരിക്കും.
സ്നേഹത്തോടെ,
ഒരു കത്തോലിക്കാ സന്യാസിനിയും അഭിഭാഷകയും വോയിസ് ഓഫ് നൺസിന്റെ പിആർഒയുമായ സി. അഡ്വ. ജോസിയ എസ്ഡി.