വലിയ നിമിഷങ്ങൾക്കായി ; ഫിനാൻഷൽ പ്ലാനിംഗ്
Tuesday, July 29, 2025 2:45 AM IST
വിവാഹം, കുട്ടികളുടെ ജനനം, വീട് വാങ്ങൽ, കരിയർ മാറ്റങ്ങൾ തുടങ്ങിയവ ഓരോരുത്തരുടെയും ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളാണ്. എന്നാൽ, ഈ മാറ്റങ്ങൾക്കൊപ്പം വലിയ ചെലവുകളും സാമ്പത്തിക ബാധ്യതയും വരാറുണ്ട്.
ജീവിതത്തിൽ പുതിയ അധ്യായങ്ങൾ ആരംഭിക്കുമ്പോൾതന്നെ, സാമ്പത്തികസ്ഥിരത ഒരുക്കേണ്ടത് അനിവാര്യമാണ്. ഇത്തരമൊരു ഘട്ടത്തിൽ ആത്മവിശ്വാസത്തോടെ മുന്നേറാൻ ഫിനാൻഷൽ പ്ലാനിംഗ് നമ്മെ സഹായിക്കും. ഫിനാൻഷൽ പ്ലാനിംഗ് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ശരിയായ സമയത്ത് തുടങ്ങിയാൽ അതു നമുക്ക് ആശ്വാസമാകും.
വീട്
സ്വന്തമായി ഒരു വീട് ജീവിതത്തിലെ വലിയ ലക്ഷ്യങ്ങളിലൊന്നാണ്. വലിയ പണച്ചെലവും അധ്വാനവും ആവശ്യമാണ്. വീട് സ്വന്തമാക്കാനുള്ള ആഗ്രഹം രൂപംകൊള്ളുന്ന ആദ്യഘട്ടത്തിൽതന്നെ കൃത്യമായ സാമ്പത്തികപദ്ധതി തയാറാക്കണം. സാമ്പത്തികബാധ്യതകളും വരുമാനശേഷിയും വിലയിരുത്തണം. ഡൗൺ പേയ്മെന്റ്, രജിസ്ട്രേഷൻ ഫീസ്, ഇന്റീരിയർ, ഫർണിച്ചർ, മെയിന്റനൻസ് ചെലവുകൾ എല്ലാം ഉൾപ്പെടെ വരുമ്പോൾ പലപ്പോഴും വിചാരിച്ചതിലധികം തുകയായി മാറാറുണ്ട്. അതിനാൽ, പണം സമാഹരിക്കുന്നതിനുള്ള ഒരു ദീർഘകാല പദ്ധതി അനിവാര്യമാണ്.
ബജറ്റ് പ്ലാനുകൾ
● ഏതു സ്ഥലത്ത്, എത്ര വിലയ്ക്കുള്ള വീട് വേണമെന്നത് നിശ്ചയിക്കുക.
● നിങ്ങളുടെ വരുമാനത്തിനനുസരിച്ച് ഇഎംഐ എത്രവരെ ആകാമെന്നു കണക്കുകൂട്ടുക.
● റിക്കറിംഗ് ചെലവുകളായ മെയിന്റനൻസ്, നികുതി എന്നിവ പരിഗണിക്കുക.
● ഡൗൺ പേയ്മെന്റിനായി ഫിക്സഡ് ഡിപ്പോസിറ്റുകളിൽ ദീർഘകാല നിക്ഷേപം നടത്താം. ആകർഷക പലിശനിരക്കിൽ ലഭിക്കുന്ന ഭവനവായ്പകൾ, കൂടാതെ വായ്പ മറികടക്കാൻ സഹായിക്കുന്ന ടേം ഇൻഷ്വറൻസ് പരിരക്ഷ എന്നിവ പരിഗണിക്കാം.
വിവാഹം
വിവാഹം ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ചെലവ് വരുന്ന ആഘോഷങ്ങളിലൊന്നാണ്. ആഭരണങ്ങൾ, വിവാഹവേദി, വസ്ത്രം, ഭക്ഷണം, ഫോട്ടോഗ്രഫി തുടങ്ങിയവയ്ക്കു ലക്ഷങ്ങൾ ആവശ്യമായേക്കാം. ഇതിനായി നേരത്തേതന്നെ സാമ്പത്തികമായി തയാറെടുക്കുന്നതു മികച്ച തീരുമാനമാണ്. ആഴ്ചയിലോ മാസത്തിലോ നിശ്ചിതതുക നിക്ഷേപിക്കുന്ന രീതി, ഉദാഹരണത്തിന് റിക്കറിംഗ് ഡിപ്പോസിറ്റുകൾ, മ്യൂച്വൽ ഫണ്ട്, എസ്ഐപികൾ തുടങ്ങിയവ ഭാവിയിലെ വലിയ ചെലവുകൾ നേരിടാൻ മുതൽക്കൂട്ടാകും.
കൂടുതൽ തുക ആവശ്യമുണ്ടെങ്കിൽ വ്യക്തിഗത വായ്പ പോലുള്ള ഉപഭോക്തൃ വായ്പകളും ഉപയോഗിക്കാം. ഇനി വിവാഹാനന്തരം ആണെങ്കിൽ വരുമാനവും ചെലവുമുള്ള ഒരു ബജറ്റ് നിർണയം അത്യന്താപേക്ഷിതമാണ്. ആരോഗ്യ ഇൻഷ്വറൻസ്, ലൈഫ് ഇൻഷ്വറൻസ് പോലുള്ള സംരക്ഷണ മാർഗങ്ങളും തീർച്ചയായും പരിഗണിക്കേണ്ടതാണ്.
കുട്ടികളുടെ ജനനം
പുതിയൊരു ജീവിതഘട്ടത്തിനു തുടക്കംകുറിക്കുമ്പോൾ അതിനൊത്തുള്ള സാമ്പത്തിക ഒരുക്കം നിർണായകമാണ്. ഇതിൽ പ്രധാനമാണ് ഒരു കുഞ്ഞിന്റെ ജനനം. കുട്ടി ജനിക്കുന്നതിനു മുമ്പുതന്നെ ഹെൽത്ത് ഇൻഷ്വറൻസ് ഉണ്ടെങ്കിൽ കുഞ്ഞിന്റെ ജനനസമയത്ത് ആശുപത്രിയിൽ വരുന്ന ചെലവുകൾ കുറയ്ക്കാൻ സാധിക്കും.
പിന്നീട് കുഞ്ഞിന് ആവശ്യമായി വരുന്ന വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഡേകെയർ എന്നിവ ആവശ്യമുണ്ടെങ്കിൽ അതിനു വരുന്ന ഫീസ് തുടങ്ങി പ്രതിവർഷം ഇതുമായി ബന്ധപ്പെട്ടു വരുന്ന ചെലവുകൾക്കെല്ലാംതന്നെ മുൻകൂട്ടി ബജറ്റ് തയാറാക്കുകയും മാസവരുമാനത്തിൽനിന്ന് ഒരു ഭാഗം മാറ്റിവയ്ക്കുകയും ചെയ്യേണ്ടതാണ്. ഇതിന് അനുയോജ്യമായ നിരവധി സ്മാർട്ട് സാമ്പത്തിക ഓപ്ഷനുകൾ ഉപയോഗിക്കാം.
പ്രസവചെലവുകൾ ഉൾപ്പെടെ ആരോഗ്യമേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ ഹെൽത്ത് ഇൻഷ്വറൻസ് അത്യാവശ്യമാണ്. കുട്ടികളുടെ വിദ്യാഭ്യാസചെലവുകൾക്കായി എളുപ്പത്തിൽ ലഭ്യമായ ഫിക്സഡ് ഡിപ്പോസിറ്റ് അല്ലെങ്കിൽ റിക്കറിംഗ് ഡിപ്പോസിറ്റ് മുതലായ നിക്ഷേപ മാർഗങ്ങൾ സഹായകരമാകും.
കൂടാതെ, അടിയന്തര ചെലവുകൾക്കും വ്യക്തിഗത ആവശ്യങ്ങൾക്കും വ്യക്തിഗത വായ്പ ഒരു ഓപ്ഷനായി പരിഗണിക്കാവുന്നതാണ്. ഇങ്ങനെയുള്ള സ്മാർട്ട് പ്ലാനിംഗ്, കുട്ടിയുടെ ഭാവി സാമ്പത്തിക സുരക്ഷയ്ക്ക് അടിസ്ഥാനമാകും.
കരിയർ മാറ്റം
ഒരു ജോലി ഉപേക്ഷിച്ച് പുതിയൊരു അവസരം തേടുമ്പോൾ വരുന്ന സാമ്പത്തിക ബാധ്യതകളും മാറുന്ന വരുമാന സാഹചര്യങ്ങളും കണക്കാക്കേണ്ടതുണ്ട്. പുതിയ ജോലി കണ്ടെത്താൻ സമയമെടുക്കാം. അതിനിടെ വരുമാനം നിലച്ചേക്കാം.
അത്തരം സാഹചര്യത്തിൽ എമർജൻസി ഫണ്ടുകൾ അനിവാര്യമാണ്. ഇതിനായി മൂന്നുമുതൽ ആറുമാസം വരെയുള്ള ചെലവുകൾ കവർ ചെയ്യുന്നൊരു അടിയന്തര നിക്ഷേപ ഫണ്ട് ഒരുക്കിയിരിക്കുക. ഇതിന് എഫ്ഡി അല്ലെങ്കിൽ സേവിംഗ്സ് അക്കൗണ്ടുകൾ അനുയോജ്യമാണ്.
ജീവിതത്തിലെ ഏറ്റവും വലിയ കാര്യങ്ങൾക്കുവേണ്ടി മുൻകൂട്ടി തയാറെടുക്കുന്നവർക്ക് ആ നിമിഷങ്ങൾ പൂർണമായി ആസ്വദിക്കാനുള്ള അവസരം ലഭിക്കും, സ്മാർട്ട് ബജറ്റിംഗും ചെറുതെങ്കിലും സ്ഥിരമായ നിക്ഷേപവും അവശ്യസമയത്ത് എടുക്കുന്ന ഉചിതമായ വായ്പയും ചേർന്നാൽ നിങ്ങളുടെ സാമ്പത്തികഭാവി സുരക്ഷിതമാകും.
ഈ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സൗത്ത് ഇന്ത്യൻ ബാങ്ക് നിങ്ങളോടൊപ്പമുണ്ട്. ദീർഘകാല ലക്ഷ്യങ്ങൾക്കായി റിക്കറിംഗ് ഡിപ്പോസിറ്റ്, ഫിക്സഡ് ഡിപ്പോസിറ്റ്, എസ്ഐപി. അടിയന്തര ആവശ്യങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ വ്യക്തിഗത വായ്പ, ആരോഗ്യസുരക്ഷയ്ക്കായി ഹെൽത്ത് ഇൻഷ്വറൻസ്, ആപത്ഘട്ടങ്ങളിൽ സഹായകരമാകുന്ന ടേം ഇൻഷ്വറൻസ് കവർ ഇവയൊക്കെ നിങ്ങളുടെ സ്മാർട്ട് ഫിനാൻഷൽ പ്ലാനിംഗിനെ സഹായിക്കും.