ശന്പളത്തിനായി മുഖ്യമന്ത്രിക്കു നിവേദനം നൽകി സ്കൂൾ പാചകത്തൊഴിലാളികൾ
Tuesday, July 29, 2025 12:11 AM IST
തൃശൂർ: സ്കൂൾ പാചകത്തൊഴിലാളികൾക്ക് എല്ലാ മാസവും കൃത്യസമയത്തു ശമ്പളം നൽകുക, തൊഴിലാളികളുടെ ദിവസവേതനം ആയിരം രൂപയായി ഉയർത്തുക, 250 കുട്ടികൾക്ക് ഒരു തൊഴിലാളിയെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള സ്കൂൾ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്കു നിവേദനം നൽകി. ജൂൺ മാസത്തെ ശമ്പളം ഇതുവരെ തൊഴിലാളികൾക്കു ലഭിച്ചിട്ടില്ല.
ഓഗസ്റ്റ് ഒന്നു മുതൽ നടപ്പാക്കുന്ന ഭക്ഷണപരിഷ്കാരത്തിൽ തൊഴിൽമേഖലയിലുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാൻ അഞ്ഞൂറു കുട്ടികൾ വരെ രണ്ടു തൊഴിലാളികളെയും അതിനു മുകളിൽ മൂന്നു തൊഴിലാളികളെയും നിയമിക്കണമെന്ന സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ 2018ലെ പഠന റിപ്പോർട്ട് അടിയന്തരമായി നടപ്പാക്കണം.
പ്രധാന അധ്യാപകരുടെ തൊഴിൽഭാരം ലഘൂകരിക്കാൻവേണ്ടി ഉച്ചഭക്ഷണ നടത്തിപ്പു ചുമതല തൊഴിലാളികളെ ഏൽപ്പിക്കണമെന്നും തൊഴിലാളികളെ പിരിച്ചുവിടുന്നതും പുതിയ നിയമനം നടത്തുന്നതും എഇഒ തലത്തിൽനിന്ന് ഒഴിവാക്കി ജില്ലാ വിദ്യാഭ്യാസ ഡയറക്ടർക്കു ചുമതല നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
അടിയന്തരമായി ഇടപെട്ട് നവംബർ ഏഴിനു നടത്തുന്ന സ്കൂൾ പാചകത്തൊഴിലാളി പണിമുടക്ക് ഒഴിവാക്കാൻ ചർച്ചകൾക്കു തയാറാകണമെന്ന് കേരള സ്കൂൾ വർക്കേഴ്സ് അസോസിയേഷൻ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി സുജോബി ജോസ് അറിയിച്ചു.