കായലിൽ വള്ളം മുങ്ങി ഒരാളെ കാണാതായി; 22 പേരെ രക്ഷിച്ചു
Tuesday, July 29, 2025 12:11 AM IST
വൈക്കം: ചെമ്പ് മുറിഞ്ഞപുഴ നടുതുരുത്ത് ഭാഗത്ത് മരണവീട്ടില്‍ പോയി മടങ്ങിയവര്‍ സഞ്ചരിച്ച വള്ളം മുങ്ങിയുണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി. സ്ത്രീകളും കൗമാരക്കാരനുമടക്കം 22 പേരെ നാട്ടുകാരും പെരുമ്പളം സ്വദേശിയായ കക്കവാരല്‍ തൊഴിലാളിയും ചേര്‍ന്ന് രക്ഷിച്ചു.
ചേര്‍ത്തല പാണാവള്ളി കൊറ്റപ്പള്ളിയില് സുമേഷി(കണ്ണന്-45) നെയാണ് കാണാതായത്. ഇയാള്‍ക്കായി ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് വൈകുന്നേരം വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയ്ക്ക് 2.15ഓടെയായിരുന്നു അപകടം.
കാട്ടിക്കുന്ന് സ്വദേശി സിന്ധു മുരളിയുടെ മരണാനന്തരചടങ്ങില്‍ പങ്കെടുക്കാന്‍ ചേര്‍ത്തല പാണാവള്ളിയില്നിന്നു വള്ളത്തില്‍ വന്നവര്‍ സംസ്കാരം കഴിഞ്ഞു മടങ്ങുന്പോ ഴായിരുന്നു അപകടം.
23 പേരുമായി വന്ന എന്ജിന് ഘടിപ്പിച്ച വള്ളം കരയിൽനിന്ന് 100 മീറ്ററോളം മുന്നോട്ടു പോയപ്പോള്‍ അതിശക്തമായി വീശിയ കാറ്റിനൊപ്പം ഉയര്‍ന്ന തിരയിൽ വള്ളത്തിലേക്ക് വെള്ളം കയറ്റി. തുടര്‍ന്ന് നിമിഷങ്ങള്‍ക്കകം വള്ളം മുങ്ങിത്താഴുകയായിരുന്നു.