വിജ്ഞാന കേരള പദ്ധതി ഉപദേഷ്ടാവ്; തോമസ് ഐസക്കിനെ നിയമിച്ച ഉത്തരവ് ആവശ്യമെങ്കില്‍ മാറ്റി പ്രസിദ്ധീകരിക്കുമെന്ന് സര്‍ക്കാര്‍
Tuesday, July 29, 2025 2:45 AM IST
കൊച്ചി: വിജ്ഞാന കേരള പദ്ധതി ഉപദേഷ്ടാവ് പദവിയില്‍ മുന്‍ മന്ത്രി തോമസ് ഐസക്കിനെ നിയമിച്ച ഉത്തരവ് ആവശ്യമെങ്കില്‍ മാറ്റി പ്രസിദ്ധീകരിക്കുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
എക്സ് ഒഫീഷ്യോ സെക്രട്ടറി ഇറക്കിയ ഉത്തരവിനു നിയമസാധുതയില്ലെങ്കില്‍ അതിന് അധികാരമുള്ളയാള്‍ ഉത്തരവിറക്കിയാല്‍ പരിഹാരമാകുമല്ലോയെന്ന് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. മന്ത്രിസഭാ യോഗത്തിനു ശേഷം തീരുമാനം അറിയിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
തിരുവനന്തപുരം സ്വദേശി പായിച്ചിറ നവാസ് നല്കിയ പൊതുതാല്പര്യ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. പ്ലാനിംഗ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്സ് (ഡവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍) ഡിപ്പാര്‍ട്ട്മെന്റ് 2024 ഡിസംബര്‍ 12നാണ് വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേഷ്ടാവായി തോമസ് ഐസക്കിനെ നിയമിച്ച് ഉത്തരവിട്ടത്. ഇത്തരത്തിലൊരു ഡിപ്പാര്‍ട്ട്മെന്റ് ഇല്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. നിയമനം നടത്താന്‍ എക്സ് ഒഫീഷ്യോ സെക്രട്ടറിക്ക് അധികാരമില്ലെന്നും വാദമുന്നയിച്ചു.
എന്നാല്‍, മലയാളത്തില്‍നിന്ന് ഇംഗ്ലീഷിലേക്കുള്ള തര്‍ജമയിലാണ് ഉത്തരവ് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായതെന്നു സര്‍ക്കാറിനു വേണ്ടി അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു. തോമസ് ഐസക്കിന്റെ സേവനം പ്രതിഫലമില്ലാത്തതാണെന്നും ഡ്രൈവര്‍ക്കുള്ള വേതനത്തിനും ഇന്ധന ചെലവിനും മാത്രമാണു പണം നല്‍കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു.