സന്യസ്തരെ ഇരകളാക്കി ഭീതിപ്പെടുത്താൻ വർഗീയനീക്കം: കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സ്
Tuesday, July 29, 2025 2:45 AM IST
കൊച്ചി: കത്തോലിക്കാ സന്യസ്തരെ ഇരകളാക്കി ഭീതിപ്പെടുത്താനുള്ള വർഗീയനീക്കങ്ങൾക്കെതിരേ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നു കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സ് (കെസിഎംഎസ്) ആവശ്യപ്പെട്ടു.
ഛത്തീസ്ഗഡിൽ മലയാളികളായ രണ്ടു സന്യാസിനിമാരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്തതുൾപ്പെടെയുള്ള സമീപകാല സംഭവങ്ങൾ ഭാരതത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്നവയാണ്. രാജ്യത്തിന്റെ മതമൈത്രിയെ തകർക്കുന്നതിലൂടെയുള്ള വർഗീയ ധ്രുവീകരണം ലക്ഷ്യമാക്കിയുള്ള ചില നിക്ഷിപ്ത താത്പര്യക്കാരുടെ ശ്രമങ്ങളാണിത്.
ക്രൈസ്തവ മിഷനറിമാരെ, മതപരിവർത്തനം, മനുഷ്യക്കടത്ത്, ദേശവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു നിശബ്ദരാക്കാനുള്ള ശ്രമങ്ങൾ വർധിച്ചു വരുന്നതായും മതപരിവർത്തന നിരോധന നിയമങ്ങളെ ആയുധമാക്കുകവഴിയായി രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഗുരുതരമായ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നുവെന്നും കെസിഎംഎസ് പ്രസിഡന്റ് സിസ്റ്റർ ഡോ. ആർദ്ര പറഞ്ഞു.