യുഡിഎഫിനെ അധികാരത്തിലെത്തിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസം: വി.ഡി. സതീശന്
Tuesday, July 29, 2025 2:45 AM IST
കൊച്ചി: യുഡിഎഫിനെ നല്ല ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചു കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിനു പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീയുടെ അങ്കമാലി ഇളവൂരിലെ വസതി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയത പറഞ്ഞല്ല യുഡിഎഫ് വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നത്. ഈ തകര്‍ച്ചയില്‍നിന്നു കേരളത്തെ രക്ഷിക്കുമെന്ന് പറഞ്ഞാണ് വോട്ട് പിടിക്കുന്നത്.
കേരളത്തെ രക്ഷിക്കാനുള്ള പദ്ധതികളും പരിപാടികളും സമയമാകുമ്പോള്‍ പ്രഖ്യാപിച്ച് നല്ല ഭൂരിപക്ഷം നേടി അധികാരത്തില്‍ വരും. വെള്ളാപ്പള്ളി നടേശന് ആര്‍ക്കുവേണ്ടിയാണു സംസാരിക്കുന്നതെന്ന് അറിയില്ല.
അദ്ദേഹവുമായി മത്സരിക്കാനോ തര്‍ക്കത്തിനോ പോകുന്നില്ല. 98 സീറ്റ് യുഡിഎഫിനു കിട്ടിയാല്‍ അദ്ദേഹം രാജിവയ്ക്കുമെന്നാണ് പറയുന്നത്. അപ്പോള്‍ 97 സീറ്റുകള്‍ വരെ അദ്ദേഹത്തിന് യാതൊരു സംശയവുമില്ല. ബാക്കി നാലഞ്ചു സീറ്റ്കൂടി കിട്ടിയാല്‍ 100 കടക്കും. തങ്ങള്‍ കഠിനാധ്വാനം ചെയ്ത് അത് 100ലധികം സീറ്റുകളാക്കുമെന്നും വി.ഡി. സതീശന് പറഞ്ഞു.