കണ്ണൂർ സെൻട്രൽ ജയിൽ ഭരിക്കുന്നത് സിപിഎം ക്രിമിനലുകളെന്ന് എം.എം. ഹസൻ
Monday, July 28, 2025 5:06 AM IST
തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിൽ ഭരിക്കുന്നത് മാർക്സിസ്റ്റ് ക്രിമിനലുകളും പാർട്ടി ഫ്രാക്ഷനും ചേർന്നാണെന്നു മുൻ കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. ജയിൽ ഉപദേശകസമിതിയിലെ സിപിഎമ്മിന്റെ രാഷ്ട്രീയ പങ്കാളിത്തം അവസാനിപ്പിക്കണം.
ജഡ്ജിയോ ഉന്നത പോലീസ് ഉദ്യോഗസ്ഥരോ അടങ്ങിയതാകണം ജയിൽ ഉപദേശക സമിതി. എന്നാൽ കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതിയിൽ ഭൂരിഭാഗവും സിപിഎം നേതാക്കളാണ്.
കണ്ണൂർ സെൻട്രൽ ജയിൽ ചാടാൻ ഗോവിന്ദച്ചാമിക്ക് ജയിൽ ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും സഹായം ലഭിച്ചിട്ടുണ്ട്. കുറച്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ട് കാര്യമില്ല.
മൂന്ന് മാസമെടുത്ത് തയാറാക്കിയ ജയിൽചാട്ടം കണ്ടെത്താൻ കഴിയാഞ്ഞത് വകുപ്പിന്റെ ഗുരുതരവീഴ്ചയാണ്. സർക്കാർ പ്രഖ്യാപിച്ച രണ്ടംഗ സമിതിയുടെ അന്വേഷണം ഒളിച്ചോട്ടമാണ്.
ദ്രുതഗതിയുള്ള നടപടിക്ക് പകരം അന്വേഷണ പ്രഹസനം നടത്തി ജനത്തെ പറ്റിക്കുകയാണ് പിണറായി സർക്കാരെന്നും എം.എം. ഹസൻ പറഞ്ഞു.