മൃഗശാലജീവനക്കാരനെ കടുവ ആക്രമിച്ചു
Monday, July 28, 2025 5:47 AM IST
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ കടുവ ജീവനക്കാരനെ ആക്രമിച്ചു. കടുവയുടെ കൂട് വൃത്തിയാക്കുന്നതിനിടയിലായിരുന്നു ആക്രമണം. മൃഗശാലയിലെ സൂപ്പർവൈസർ രാമചന്ദ്രനാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടൻ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും കൊണ്ടുപോയി. പരിക്ക് സാരമുള്ളതല്ലാത്തതിനാൽ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.
കടുവയുടെ കൂടിന്റെ ഒരു ഭാഗത്ത് വീണുകിടന്നിരുന്ന ഭക്ഷണ അവശിഷ്ടങ്ങൾ കൂടിന് പുറത്തുനിന്ന് മാറ്റുന്നതിനിടയിൽ കടുവ കൈകൊണ്ട് ഇദ്ദേഹത്തിന്റെ തലയിൽ അടിക്കുകയായിരുന്നു. രാമചന്ദ്രൻ കൂട് വൃത്തിയാക്കുമ്പോൾ കടുവ കൂട്ടിനുള്ളിൽത്തന്നെ മറ്റൊരു വശത്തായിരുന്നു. കുനിഞ്ഞുനിന്ന് ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യുകയായിരുന്ന ഇദ്ദേഹം മറുവശത്തുനിന്ന് ഓടിയെത്തിയ കടുവയെ കണ്ടില്ല.