ഗോവിന്ദച്ചാമിയുടെ ഭീഷണി പുറത്തുപറഞ്ഞ ജയിൽ ഉദ്യോഗസ്ഥന് സസ്പെൻഷൻ
സ്വന്തം ലേഖകൻ
Monday, July 28, 2025 5:48 AM IST
തിരുവനന്തപുരം: ഗോവിന്ദച്ചാമി ജയിൽ ചാടുമെന്ന് ഭീഷണി മുഴക്കിയെന്നു മാധ്യമങ്ങളോടു പറഞ്ഞ ജയിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കണ്ണൂർ സെൻട്രൽ ജയിലിലെ മുൻ സീനിയർ പ്രിസണ്‍ ഓഫീസറും ഇപ്പോൾ കൊട്ടാരക്കര സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറുമായ ഐ. അബ്ദുൽ സത്താറിനെയാണ് സസ്പെൻഡ് ചെയ്തത്.
ജയിൽ വകുപ്പിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിൽ വാർത്ത നൽകിയെന്ന കാരണം കാട്ടിയാണ് അബ്ദുൾ സത്താറിനെ സസ്പെൻഡ് ചെയ്തത്. ഗോവിന്ദച്ചാമി ജയിൽ ചാടുമെന്ന് നേരത്തേ അറിയിച്ചിരുന്നുവെന്നും ജയിൽ ചാടിയാൽ തന്റെ വീട്ടിലെത്തി വീട്ടുകാരെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് അബ്ദുൽ സത്താർ ഒരു മാധ്യമത്തോടു പറഞ്ഞത്.
ജയിലിൽ വരും മുന്‍പ് ഗോവിന്ദച്ചാമി പല സ്ത്രീകളെയും ഉപദ്രവിച്ചിരുന്നുവെന്നും അയാളെ തൂക്കിക്കൊല്ലാൻ വിധിക്കുകയാണെങ്കിൽ ആരാച്ചാരില്ലാത്ത പക്ഷം താൻ അരാച്ചാരാകാൻ തയാറാണെന്നും ടിവി ചാനലിനോട് പറഞ്ഞുവെന്നതും സസ്പെൻഷന് കാരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കോയന്പത്തൂരിലെ ചില ശ്മശാനങ്ങളിൽ മോഷണ സ്വർണം ഒളിപ്പിച്ചിട്ടുണ്ടെന്നും അത് കൈകാര്യം ചെയ്യുന്നവരാണ് സഹായിക്കുന്നതെന്ന് തടവുകാർ ജയിലിൽ അറിയിച്ചിരുന്നതായും സത്താർ ചാനലിനോട് പറഞ്ഞിരുന്നു.
സത്താറിന്റെ വെളിപ്പെടുത്തലുകൾ ജയിൽ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന തരത്തിലുള്ളതാണെന്നും ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥൻ സമീപകാലത്ത് മറ്റ് ചില വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നതായും അതിൽ അന്വേഷണം നടക്കുന്നുണ്ടെന്നും സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൊട്ടാരക്കര സ്പെഷൽ സബ്ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.