ജയിലുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ : മുഖ്യമന്ത്രിക്കും ഗവർണർക്കും നിവേദനവുമായി എച്ച്ആര്‍പിഎം
Monday, July 28, 2025 5:06 AM IST
കൊച്ചി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ജയിലുകളില്‍ നടക്കുന്ന മാനുഷികപീഡനങ്ങള് ഞെട്ടിക്കുന്നതാണെന്ന് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന് (എച്ച്ആര്‍പിഎം) ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല പറഞ്ഞു.
അനാരോഗ്യകരമായ താമസസാഹചര്യങ്ങളും വൃത്തിഹീനമായ ശുചിമുറികളും ചോര്‍ന്നൊലിക്കുന്ന ബ്ലോക്കുകളുമാണു ജയിലിലുള്ളത്. മയക്കുമരുന്നും മദ്യവും ജയിലുകളില്‍ യഥേഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ദുരവസ്ഥയെക്കുറിച്ച് സുപ്രീംകോടതി റിട്ട. ജഡ്ജി അധ്യക്ഷനായ സമിതിയെക്കൊണ്ട് അന്വേഷണം നടത്തുക, മുഖ്യമന്ത്രി അടിയന്തരമായി കണ്ണൂര്‍ ജയില്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുക, തടവുകാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താന്‍ ജയില്‍ മാനദണ്ഡങ്ങള്‍ പുതുക്കുക, മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണു നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്.