കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധം
Monday, July 28, 2025 5:06 AM IST
കൊച്ചി: ഛത്തീസ്ഗഡിലെ ദുര്‍ഗ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് കന്യാസ്ത്രീകളെ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവം ഛത്തീസ്ഗഡ് പോലീസ് തീവ്രവാദ രാഷ്ട്രീയത്തിന്റെ അടിമകളായി മാറിയതിന്റെ തെളിവാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ്.
മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ കസ്റ്റഡിയില്‍ എടുത്തതിലൂടെ ഛത്തീസ്ഗഡ് പോലീസും അധികാരികളും നിയമത്തെ ക്രിമിനല്‍വല്‍ക്കരിക്കുകയാണ് എന്നും മൗലിക അവകാശ ലംഘനവും മനുഷ്യാവകാശ നിഷേധവും ആണ് നടന്നതെന്നും കത്തോലിക്ക കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ പല ഭാഗത്തും മതപരിവര്‍ത്തന നിയമത്തിന്റെ മറവില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന അവസ്ഥയാണ്. ബജ്റംഗ്ദള്‍ പോലുള്ള തീവ്ര സംഘടനകള്‍ അധികാരത്തിന്റെ തണലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിയമത്തെ അട്ടിമറിക്കുന്ന സ്ഥിതിയാണ്. നിരവധി സ്ഥലങ്ങളില്‍ ക്രൈസ്തവ മിഷണറിമാര്‍ക്ക് എതിരേ ആക്രമണങ്ങള്‍ നടക്കുമ്പോഴും പോലീസ് നിഷ്ക്രിയത്വം കാണിക്കുന്നത് കൃത്യമായ അജൻഡകളുടെ ഭാഗമാണെന്നു ബോധ്യപ്പെടുകയാണ്.
കന്യാസ്ത്രീകള്‍ സന്യാസ വസ്ത്രം അണിഞ്ഞ് പൊതുസമൂഹത്തില്‍ ഇറങ്ങിയാല്‍ കേസെടുക്കുന്ന അവസ്ഥ ഇന്ത്യയെ ഇരുണ്ട കാലങ്ങളിലേക്കു നയിക്കും.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ ജുഡീഷറി നേരിട്ട് ഇടപെടണമെന്നും മതപരിവര്‍ത്തന നിയമങ്ങള്‍ മൗലിക അവകാശത്തെ നിഷേധിക്കുന്ന അവസ്ഥ രാജ്യത്ത് തടയുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് പ്രഫ. രാജീവ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയില്‍, ട്രഷറര്‍ അഡ്വ. ടോണി പുഞ്ചക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.
വി.ഡി. സതീശൻ
തിരുവനന്തപുരം: ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘ്പരിവാറുകളെന്നും ഛത്തീസ്ഗഡിൽ കളളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഘപരിവാറുകാർ കേരളത്തിൽ പള്ളിമേടകളിലും ക്രൈസ്തവ ഭവനങ്ങളിലും കേക്കുമായെത്തും.
അതേസമയം മറ്റിടങ്ങളിൽ ക്രൈസ്തവരുടെ എല്ലാ ആഘോഷങ്ങളും തടസപ്പെടുത്തും, ക്രൂരമായി ആക്രമിക്കും. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡിൽ കണ്ടത്. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് കന്യാസ്ത്രീകളാണ് ക്രൂരമായ പോലീസ് വേട്ടയാടലിന് ഇരയായത്.
മതത്തിന്റെയോ ജാതിയുടെയോ പേരിലുള്ള വേട്ട അംഗീകരിക്കാനാകില്ല. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിന് കുഴലൂതുകയല്ല കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജോലി. ഭരണഘടന നൽകുന്ന അവകാശം എല്ലാവർക്കുമുള്ളതാണ്. അത് ബിജെപിയുടെയോ ആർഎസ്എസിന്റെയോ ഔദാര്യമല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഛത്തീസ്ഗഡിൽ രണ്ടു കന്യാസ്ത്രീകൾക്കു നേരെയുണ്ടായ ആൾക്കൂട്ടവിചാരണയും പോലീസ് നടപടിയും മതേതര ഇന്ത്യയെന്ന സങ്കൽപത്തിന്റെ അടിവേരറുക്കുന്നവയാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. വൈദികരെയും കന്യാസ്ത്രീകളെയും വേട്ടയാടുന്ന നടപടി സംഘ് പരിവാർ അവസാനിപ്പിക്കണം.
ഇന്ത്യയെന്ന രാഷ്ട്രസങ്കൽപത്തെ തകർക്കുന്ന കാര്യങ്ങളാണ് സംഘ് പരിവാറും ബിജെപിയും ഉത്തരേന്ത്യയിൽ നടത്തുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവ പുരോഹിതർക്കു നേരെ നടക്കുന്ന അതിക്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. കന്യാസ്ത്രീകൾക്കു തിരുവസ്ത്രം ധരിച്ചു പോലും പുറത്തിറങ്ങാൻ പറ്റാത്ത നിലയിലേക്ക് ക്രൈസ്തവ സമുദായം അടിച്ചമർത്തപ്പെടുന്നു. ഭരണഘടന വിഭാവന ചെയ്യുന്ന മതേതര ഇന്ത്യ ഇതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ജോസ് കെ. മാണി
കോട്ടയം: ഛത്തീസ്ഗഡില്‍ അന്യായമായി പോലീസ് കസ്റ്റഡിയിലെടുത്ത് തടവിലാക്കിയ കന്യാസ്ത്രീകളുടെ മോചനത്തിന് പ്രധാനമന്ത്രി നേരിട്ട് അടിയന്തരമായി ഇടപെടണമെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി. മലയാളികളായ സിസ്റ്റർ വന്ദന ഫ്രാന്‍സിസ്, സിസ്റ്റർ പ്രീതി മേരി എന്നീ കന്യാസ്ത്രീകള്‍ക്കു നേരേ മനുഷ്യത്വരഹിതവും നീതിക്ക് നിരക്കാത്തതുമായ പോലീസ് നടപടിയാണ് ഉണ്ടായത്.
മാനവസേവയ്ക്കും സാമൂഹ്യസേവനത്തിനും സ്വയം സമര്‍പ്പിച്ച കന്യാസ്ത്രീകളെയാണ് മനുഷ്യക്കടത്ത് നടത്തുന്നുവെന്ന സംഘപരിവാര്‍ സംഘടനകളുടെ സത്യവിരുദ്ധമായ പരാതിയെത്തുടര്‍ന്ന് ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തത്.ഇന്ത്യയിലെമ്പാടും നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ തുടര്‍ച്ചയായി മാത്രമേ ഈ സംഭവത്തെ കാണാന്‍ കഴിയൂ. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ടെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.