സിപിഎമ്മിനെ സഹായിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രമം: രമേശ് ചെന്നിത്തല
Tuesday, July 29, 2025 2:45 AM IST
തിരുവനന്തപുരം: കേരളത്തിലെ വോട്ടർ പട്ടികയിൽ മഹാരാഷ്ട്ര മോഡൽ അട്ടിമറി നടത്തി സിപിഎമ്മിനെ രാഷ്ട്രീയമായി സഹായിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നതെന്ന് കോണ്ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.
വ്യാപകമായ പരാതികളാണ് വോട്ടർ പട്ടികയെപ്പറ്റി പുറത്തു വന്നിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മിഷൻ 23നു പുറത്തിറക്കിയ പരിഷ്കരിച്ച വോട്ടർ പട്ടികയിൽ മുന്പില്ലാത്തവണ്ണം പ്രശ്നങ്ങൾ വ്യക്തമാണ്. പല വാർഡുകളിലെയും വോട്ടർമാരെ മാറ്റിമറിച്ച് മറ്റു വാർഡുകളിലാക്കിയിരിക്കുന്നു. പലരുടെയും പേരുകൾ മിസിംഗ് ആണ്.
തെരഞ്ഞെടുപ്പിന്റെ എല്ലാ കള്ളത്തരങ്ങളും പിടിക്കപ്പെട്ടതോടെയാണ് വോട്ടർ പട്ടികയിൽ വ്യാപക കൃത്രിമം നടത്തി മഹാരാഷ്ട്രയിൽ ബിജെപി അട്ടിമറി വിജയം നേടിയത്. ഇത് പ്രതിപക്ഷം മനസിലാക്കിയപ്പോൾ ബിഹാറിൽ വോട്ടർ പട്ടികയിൽനിന്ന് ലക്ഷക്കണക്കിന് ആൾക്കാരെ നീക്കം ചെയ്തു വിജയം ഉറപ്പിക്കാനാണ് ശ്രമം.
ബിജെപിയുടെ ഇത്തരം നീക്കങ്ങൾ സസൂക്ഷ്മം കണ്ടുപഠിച്ചു നടപ്പാക്കലാണ് സിപിഎം കേരളത്തിൽ ചെയ്യുന്നത്. ഇതിനായി കേന്ദ്രസർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും അവരെ കൈയയച്ചു സഹായിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.