തെരഞ്ഞെടുപ്പു കമ്മീഷൻ സിപിഎം കമ്മീഷനായി മാറി: പി.കെ. കൃഷ്ണദാസ്
Tuesday, July 29, 2025 2:45 AM IST
തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ സിപിഎം കമ്മീഷനായി മാറിയെന്നു ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും തെരഞ്ഞെടുപ്പു കമ്മീഷനും ചേർന്നു ഗൂഢാലോചന നടത്തി.
സിപിഎം ഓഫീസിൽനിന്നും നൽകിയ രാഷ്ട്രീയ ഭൂപടത്തിന്റെ അടിസ്ഥാനത്തിലാണു വാർഡ് വിഭജനം നടപ്പാക്കിയിരിക്കുന്നത്. വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽഡിഎഫും സിപിഎമ്മും തോൽക്കുമെന്ന് ഏറെക്കുറെ ഉറപ്പായപ്പോൾ, ജനാധിപത്യ വിരുദ്ധമായി തെരഞ്ഞെടുപ്പിനെത്തന്നെ അട്ടിമറിക്കാനാണ് ഇടതുപക്ഷം ഇപ്പോൾ ശ്രമിക്കുന്നതെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
സർവകക്ഷി യോഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഉറപ്പുകളെല്ലാം പാഴായി. വോട്ടർ പട്ടികയിലെ കൃത്രിമവും വാർഡ് വിഭജനത്തിലെ അശാസ്ത്രീയതയും തിരുവനന്തപുരം ഉൾപ്പെടെയുള്ള 14 ജില്ലകളിലുമുണ്ടെന്നും സിപിഎമ്മിനു വിജയിക്കാൻ വേണ്ടിയുള്ളതായിരുന്നു ഈ അശാസ്ത്രീയ വാർഡ് വിഭജനമെന്നും കൃഷ്ണദാസ് പറഞ്ഞു.