തിരോധാന കേസ്; പ്രധാന പ്രതിയുടെ വീട്ടിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
Tuesday, July 29, 2025 2:45 AM IST
ചേര്‍ത്തല: ചേര്‍ത്തല പള്ളിപ്പുറത്ത് വീട്ടുവളപ്പില്‍ കത്തിച്ച നിലയിലുള്ള മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി.
ചേര്‍ത്തല കടക്കരപ്പള്ളിയില്നിന്നു ബിന്ദു പദ്മനാഭന്, കോട്ടയം ഏറ്റുമാനൂരില്‍നിന്നു ജൈനമ്മ എന്നിവരെ കാണാതായ കേസുകളില്‍ ആരോപണ വിധേയനായ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
തിരോധാനക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ആള്‍ത്താമസമില്ലാത്ത വീടിന്റെ സമീപത്തുനിന്നു മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. കാണാതായ കോട്ടമുറി സ്വദേശി ജൈനമ്മയുടെ ശരീരാവശിഷ്ടങ്ങളാണെന്നാണ് പോലീസിന്റെ സംശയം.
അതിരമ്പുഴ കോട്ടമുറി ഭാഗം കാക്കനാട്ടുകാലായില്‍ വീട്ടില്‍ ജെയിന് മാത്യു (ജൈനമ്മ-48) വിനെയാണ് കഴിഞ്ഞ ഡിസംബര്‍ 23ന് കാണാതായത്. നേരത്തേ ഏറ്റുമാനൂര്‍ പോലീസ് അന്വേഷിച്ചെങ്കിലും ഇവരെപ്പറ്റി വിവരമൊന്നും ലഭിച്ചില്ല. ഇതേത്തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജന് സേവ്യറിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്
ഏറ്റവും ഒടുവില്‍ ജൈനമ്മയുടെ ഫോണ്‍ ഓണായത് ചേര്‍ത്തല പള്ളിപ്പുറത്താണ്. ജൈനമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിലാണ് ഇവിടെ പരിശോധന നടത്തിയത്.