25 കോടിയുടെ തിരുവോണം ബംപർ വിപണിയിൽ
Tuesday, July 29, 2025 2:45 AM IST
തിരുവനന്തപുരം: 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബംപർ ഭാഗ്യക്കുറി വിപണിയിൽ എത്തി. ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് തിരുവനന്തപുരത്ത് ടിക്കറ്റ് പ്രകാശനം ചെയ്തത്.
25 കോടി സമ്മാനത്തുക നൽകുന്ന വിദേശ ലോട്ടറി വാങ്ങാൻ ഏകദേശം 15,000 രൂപ വേണമെന്നിരിക്കേ അതേ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി വാങ്ങാൻ കേവലം 500 രൂപ മാത്രം മതിയെന്ന് മന്ത്രി പറഞ്ഞു. നടത്തിപ്പിലെ സുതാര്യതയും വിശ്വാസ്യതയുമാണ് കേരള ഭാഗ്യക്കുറിയെ ഇത്രയേറെ ജനകീയമാക്കിയതെന്നും മന്ത്രി പറഞ്ഞു.
രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ വലിയ പ്രത്യേകത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നുമുണ്ട്.